സുൽത്താൻബത്തേരി: ആട്ടവും പാട്ടും കളിചിരികളുമായി സർവജനയിലെ ഷഹ്‍ലയുടെ ക്ലാസ് മുറി വീണ്ടുമുണർന്നു. കൂട്ടുകാരിയുടെ വേർപാടിന്റെ നൊമ്പരം സഹപാഠികളിൽ കണ്ണുനീർത്തുള്ളികളായി ബാക്കിനിൽക്കുന്നുണ്ടായിരുന്നു, ദിവസങ്ങൾ കഴിഞ്ഞിട്ടും. സർവജന ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ക്ലാസ് മുറിയിൽനിന്ന് പാമ്പുകടിയേറ്റ് അഞ്ചാംതരം വിദ്യാർഥിനി ഷഹ്‍ല ഷെറിൻ മരിച്ചതിനെ തുടർന്ന് നിർത്തിവച്ച യു.പി. വിഭാഗം ക്ലാസുകളാണ് തിങ്കളാഴ്ച വീണ്ടും തുടങ്ങിയത്.

രക്ഷിതാക്കൾക്കൊപ്പമാണ് വിദ്യാർഥികളെല്ലാം രാവിലെ സ്‌കൂളിലെത്തിയത്. പഴയ കെട്ടിടത്തിലെ പ്രവർത്തനം നിർത്തിവെച്ചതിനാൽ നവീകരിച്ച ഓഡിറ്റോറിയത്തിലും ഹൈസ്‌കൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി ബ്ലോക്കുകളിലുമാണ് യു.പി. വിഭാഗം ക്ലാസുകൾ തുടങ്ങിയത്.

രാവിലെ പത്തുമണിയോടെ ഓഡിറ്റോറിയത്തിൽ യു.പി. വിഭാഗത്തിലെ കുട്ടികളെല്ലാം അണിനിരന്നു. ഷഹ്‍ലയുടെ ആത്മാവിനായി അവർ അല്പനേരം മൗനമായി പ്രാർഥിച്ചു. തുടർന്ന് വിദ്യാർഥികളെ മാനസികമായി ഉണർത്തുന്നതിനായി സ്‌കൂൾ അധികൃതർ സംഘടിപ്പിച്ച കലാവിരുന്നരങ്ങേറി. ചൂട്ട് നാടൻപാട്ട് കലാ ഗവേഷണ കേന്ദ്രത്തിലെ കലാകാരന്മാർ നാട്ടൻപാട്ടുകൾ ആലപിച്ചപ്പോൾ, സങ്കടങ്ങളെല്ലാം മറന്ന് കുട്ടികൾ പാട്ടുകളേറ്റുപാടിയും താളംപിടിച്ചും ചുവടുവെച്ചും മതിമറന്നു. ഈണങ്ങളിൽ ക്ലാസ് മുറി മുങ്ങിയമർന്നെങ്കിലും ഷഹ്‍ലയുടെ കൂട്ടുകാരികളായ പലരും കണ്ണീർപൊഴിക്കുന്നുണ്ടായിരുന്നു.

ചിലർ സങ്കടമടക്കാനാവാതെ തേങ്ങിക്കരഞ്ഞതോടെ അധ്യാപകരും രക്ഷിതാക്കളും ഇവരെ ഓഡിറ്റോറിയത്തിൽ നിന്നും പുറത്തുകൊണ്ടുപോയി. കരഞ്ഞുകലങ്ങിയ കണ്ണുമായാണ് അവർ പുതിയ ക്ലാസ് മുറികളിലേക്കെത്തിയത്. നഗരസഭാ ചെയർമാൻ ടി.എൽ. സാബു, കൗൺസിലർ കെ. ഷിഫാനത്ത്, പി.ടി.എ. പ്രസിഡന്റ് അസീസ് മാടാല, പ്രധാനധ്യാപകന്റെ ചുമതല വഹിക്കുന്ന കെ.പി. സുഭാഷ്, സഹ പ്രധാനാധ്യാപകന്റെ ചുമതല വഹിക്കുന്ന വി.എൻ. ഷാജി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികൾക്ക് ക്ലാസുകളിൽ പ്രത്യേക കൗൺസലിങ്ങും നൽകി. ക്രിസ്മസ് പരീക്ഷ അടുത്ത സാഹചര്യത്തിൽ എല്ലാവരും പഠനത്തിൽ ശ്രദ്ധിക്കണമെന്നും ഷഹ്‍ലയ്ക്കുള്ള സമ്മാനമായി എല്ലാവരും പഠിച്ച് മിടുക്കരാവണമെന്നും സ്‌കൂളിലെത്തിയ അതിഥികൾ കുട്ടികളോട് പറഞ്ഞു. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസുകൾ കഴിഞ്ഞ മാസം 26-ന് തുടങ്ങിയിരുന്നു.

content highlights: Shehla Sherin death , her friends and classmates