സുൽത്താൻബത്തേരി: മേഖലാ സമഗ്രസാമ്പത്തിക പങ്കാളിത്ത (ആർ.സി.ഇ.പി.)കരാർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കർഷക പ്രക്ഷോഭങ്ങൾക്ക് വയനാട്ടിൽ തുടക്കംകുറിച്ചു. കാർഷിക ഉത്പന്നങ്ങളുമായി കർഷകർ പ്രതിഷേധ റാലി നടത്തി. കേരളപ്പിറവി ദിനത്തിൽ ‍സ്വതന്ത്ര കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് നൂറുകണക്കിന് കർഷകർ പരമ്പരാഗത വേഷമണിഞ്ഞ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. 35 സ്വതന്ത്ര കർഷക സംഘടനകൾ ചേർന്നാണ് സമരം സംഘടിപ്പിച്ചത്.

ബത്തേരി കോട്ടക്കുന്നിൽനിന്നാരംഭിച്ച മാർച്ച് സ്വതന്ത്രമൈതാനിയിൽ സമാപിച്ചു. തുടർന്ന് പ്രതിഷേധസംഗമം രാഷ്ട്രീയ കിസാൻ മഹാസംഘ് അഖിലേന്ത്യാ ജനറൽ കൺവീനർ ശിവകുമാർ കാക്കാജി ഉദ്ഘാടനം ചെയ്തു. ആർ.സി.ഇ.പി. കരാർ രാജ്യത്തെ കാർഷികമേഖലയെ പൂർണമായി തകർക്കുമെന്നും അതിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കേണ്ടിവരിക കേരളത്തിലെ കർഷകരാണെന്നും അദ്ദഹം പറഞ്ഞു. പാർലമെന്റ് ഉൾപ്പെടെയുള്ള ഒരു വേദിയിലും ചർച്ച ചെയ്യാതെ കരാർ ഒപ്പിടാൻപോകുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക പുരോഗമനസമിതി സംസ്ഥാന ചെയർമാൻ പി.എം. ജോയി അധ്യക്ഷത വഹിച്ചു. കർണാടക കർഷകനേതാവ് ബസവരാജ് പാട്ടീൽ, കെ.വി. ബിജു, ഡോ. പി. ലക്ഷ്മണൻ, ബേബി കുര്യൻ, ബിനോയി തോമസ്, മുതലാൻതോട് മണി, കണ്ണിവട്ടം കേശവൻചെട്ടി, എൻ.കെ. ചാക്കോ തുടങ്ങിയവർ സംസാരിച്ചു. ദേശീയപാതയിലെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരമനുഷ്ഠിച്ച യുവജന നേതാക്കളെ അനുമോദിച്ചു.