പുത്തുമല: പുത്തുമലയിൽനിന്ന്‌ തിങ്കളാഴ്ച ഒരു മൃതദേഹം കൂടി കണ്ടെത്തിയത് 1500 അടി താഴെനിന്ന്. തിരച്ചിലിന്റെ പത്താംദിവസമാണ് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ പന്ത്രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ സമീപ പ്രദേശമായ ഏലവയലിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹവും കിട്ടിയത്. എന്നാൽ, രണ്ട് മൃതദേഹങ്ങളും ആരുടേതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞി‌ട്ടില്ല. ദുരന്ത സ്ഥലത്തുനിന്നും ഏകദേശം ആറുകിലോമീറ്റർ അകലെയാണ് മൃതദേഹം ലഭിച്ചയിടം. മൃതദേഹങ്ങൾ ഉണ്ടായിരുന്ന ഇടങ്ങൾ തമ്മിൽ മീറ്ററുകളുടെ വ്യത്യാസം മാത്രമാണുള്ളത്. എൻ.‍ഡി.ആർ.എഫ്., അഗ്നിരക്ഷാസേന, വനംവകുപ്പ് ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച പുത്തുമല ഭാഗത്ത് റഡാർ സംവിധാനം ഉപയോഗിച്ച് തിരഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല. ഹൈദരാബാദിൽ നിന്നുള്ള നാഷണൽ ജിയോഗ്രഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘമാണ് ഗ്രൗണ്ട് പെനിട്രേഷൻ റഡാർ സംവിധാനവുമായെത്തിയത്. ഉരുൾപൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിൽനിന്ന്‌ ഉച്ചയോടെ പുത്തുമലയിലെത്തിയ സംഘം മണ്ണുമാന്തിയന്ത്രങ്ങൾ തിരച്ചിൽ നടത്തിയിരുന്ന സ്ഥലങ്ങളിൽ തിരച്ചിലിനിറങ്ങി. പാറക്കല്ലുകളും മരത്തടികളും അടിഞ്ഞുകൂടിക്കിടക്കുന്ന, വെള്ളക്കെട്ടുകളുള്ള പുത്തുമലയിൽ റഡാർ ഉപയോഗിച്ചുള്ള തിരച്ചിൽ പ്രയാസകരമാണെന്ന് സംഘം പ്രാഥമികമായി വിലയിരുത്തി. പരീക്ഷണാടിസ്ഥാനത്തിൽ പ്രദേശത്തിന്റെ ഒരു ഭാഗത്ത് റഡാർ ഉപയോഗിച്ചു. പിന്നീട് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനായിരുന്നു തീരുമാനം. ഡോ. ആനന്ദ്, ഡോ. രത്നാകർ എന്നിവരാണ് ഹൈദരാബാദിൽ നിന്നെത്തിയ ആറുപേരടങ്ങുന്ന സംഘത്തെ നയിച്ചത്. എൻ.ഡി.ആർ.എഫ്. അംഗങ്ങളും അഗ്നിരക്ഷാ സേനയിലുള്ളവരും സന്നദ്ധ സംഘടനാ പ്രവർത്തകരും ഇവരോടൊപ്പം തിരച്ചിൽ നടത്തി. തിങ്കളാഴ്ച പുത്തുമലയിൽ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചില്ല. മഴ പെയ്യാഞ്ഞതിനാൽ പ്രദേശത്തേക്ക് ഒഴുകിയെത്തിയ മണ്ണും ചെളിയും ഉറച്ച് തുടങ്ങിയിട്ടുണ്ട്. ഇതിനാൽ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിൽ പ്രയാസകരമാണ്.

ഞായറാഴ്ച ഒരു മൃതദേഹം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്ത് തിങ്കളാഴ്ച തിരച്ചിൽ കാര്യക്ഷമമാക്കി. ഇവിടേക്ക് രാവിലെത്തന്നെ സേനാ വിഭാഗങ്ങൾ എത്തിയിരുന്നു. പത്തുമണിക്കൂറത്തെ പ്രയത്നത്തിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.

puthumala
പുത്തുമലയില്‍ കാണാതായവരെ കണ്ടെത്താന്‍ ജിപി റഡാര്‍ സംവിധാനം ഉപയോഗിച്ച് തിരച്ചില്‍ നടത്തുന്നു. 

ഞായറാഴ്ച കണ്ടെത്തിയ പുരുഷന്റെ മൃതദേഹവും തിരിച്ചറിഞ്ഞിട്ടില്ല. സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തെ പാറക്കൂട്ടങ്ങൾക്കിടയിൽ കണ്ടെത്തിയ മൃതദേഹം എസ്റ്റേറ്റ് ജീവനക്കാരനായ അണ്ണയ്യന്റെ (54)താണെന്നു ബന്ധുക്കൾ പറഞ്ഞിരുന്നു. എന്നാൽ, ശവസംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ മൃതദേഹം പൊള്ളാച്ചി സ്വദേശി ഗൗരീശങ്കറിന്റെതാണെന്ന സംശയവുമായി ഗൗരീശങ്കറിന്റെ ബന്ധുക്കളുമെത്തി. തുടർന്ന് ഡി.എൻ.എ. പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചു.

പരിശോധനയ്ക്കായി, കാണാതായ പുരുഷൻമാരുടെ ബന്ധുക്കളുടെ രക്തസാമ്പിളുകൾ കണ്ണൂർ റീജണൽ ഫോറൻസിക് സയൻസസ് ലാബോറട്ടറിയിലേക്കയച്ചു. മൂന്ന് ദിവസത്തിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുമെന്ന് സബ് കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. ഞായറാഴ്ച കണ്ടെത്തിയ പുരുഷന്റെ മൃതദേഹം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽകോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച കണ്ടെത്തിയ മൃതദേഹം ചൊവ്വാഴ്ച രാവിലെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. തിരിച്ചറിയൽ നടപടികളും പൂർത്തിയാക്കും. പുത്തുമലയിൽ ഇനി കണ്ടെത്താനുള്ള അഞ്ചുപേർക്കായി തിരച്ചിൽ തുടരും.