പുല്പള്ളി: മാനന്തവാടി റോഡിലെ കുറിച്ചിപ്പറ്റ ഭാഗത്ത് റോഡിന്റെ വശങ്ങൾ ഇടിഞ്ഞത് അപകടക്കെണിയൊരുക്കുന്നു. കുറിച്ചിപ്പറ്റയിൽനിന്ന് വനത്തിലേക്ക് പ്രവേശിക്കുന്ന കയറ്റംമുതലാണ് റോഡിന്റെ ഇരുവശങ്ങളും തകർന്നിരിക്കുന്നത്. വശങ്ങളിൽ വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. മാനന്തവാടിയിലേക്ക് ബസ് സർവീസുള്ള ഈ റോഡിന്റെ വശങ്ങൾ തകർന്നത് യാത്രക്കാരെ അപകടഭീതിയിലാക്കിയിരിക്കുകയാണ്.
രണ്ട് ബസുകൾ എതിർദിശയിൽ വന്നാൽ സൈഡ് നൽകാൻ കഴിയാത്ത സ്ഥിതിയാണ്. ഒരു വശത്തേക്ക് ഒതുക്കിയാൽ കുഴിയിൽപ്പെടുമെന്നത് ഉറപ്പാണ്. പലപ്പോഴും ടയർ കുഴിയിലേക്കിറങ്ങി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. വർഷങ്ങളായി ഇതുതന്നെയാണ് റോഡിന്റെ അവസ്ഥ. ടാറിങ് ഇടയ്ക്ക് നടത്തിയെങ്കിലും ഇത് അശാസ്ത്രീയമായാണ് ചെയ്തതെന്ന ആക്ഷേപമുണ്ട്. മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും ടാറിങ് പൊളിഞ്ഞ് റോഡ് പൂർവസ്ഥിതിയിലായി. കാട്ടാനശല്യമുള്ള ഈ ഭാഗത്ത് രാത്രിയിൽ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ഭീതിയോടെയാണ് കടന്നുപോകുന്നത്. ആലൂർക്കുന്ന് ഭാഗത്ത് റോഡിനോട് ചേർന്നുനിൽക്കുന്ന വൻവൃക്ഷവും യാത്രക്കാർക്ക് ഭീഷണിയാണ്. മരം മുറിച്ചുമാറ്റണമെന്ന് വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. റോഡിനോട് ചേർന്ന് മരം നിൽക്കുന്നതിനാൽ പലപ്പോഴും അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. വീതികുറഞ്ഞ റോഡാണ് ഈ ഭാഗത്തുള്ളത്.