സുൽത്താൻബത്തേരി : കാട്ടുപന്നിയുടെ ആക്രമണത്തിൽ ആദിവാസി യുവതിയുടെ കേൾവിശേഷി നഷ്ടമായി, കാഴ്ചയ്ക്ക് മങ്ങലേറ്റു. ഗുരുതര പരിക്കുകളിൽനിന്ന്‌ മോചിതയായി ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടും കൂലിപ്പണി ചെയ്തുപോലും കുടുംബം പുലർത്താനാവാത്ത ദുരവസ്ഥയിലാണിപ്പോൾ നൂൽപ്പുഴ ഓടക്കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ബിന്ദു. ഗുരുതരമായി പരിക്കേറ്റ ബിന്ദുവിന് വനംവകുപ്പ് നഷ്ടപരിഹാരം നൽകാൻപോലും തയ്യാറായിട്ടില്ലെന്നാണ് പരാതി.

നാല് മാസം മുമ്പാണ്, മുണ്ടകൊല്ലിയിലെ കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടെ ബിന്ദുവിനെ കാട്ടുപന്നി അക്രമിച്ചത്. കഴുത്തിന് ആഴത്തിൽ പരിക്കേറ്റ ബിന്ദു ഒരുമാസത്തോളം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇപ്പോഴും പൂർണാരോഗ്യം വീണ്ടെടുക്കാനായിട്ടില്ല. വലതുചെവിയുടെ കേൾവി ശക്തി നഷ്ടമായി. കൂടാതെ കാഴ്ചയ്ക്കു മങ്ങലുണ്ട്. ഇതിനാൽ ജോലിക്കൊന്നും പോകാനാവുന്നില്ലെന്നാണ് ബിന്ദു പറയുന്നത്.

ബിന്ദുവിന്റെ ഭർത്താവ് രഞ്ജിത്ത് കൂലിപ്പണിയെടുത്തു കിട്ടുന്ന തുശ്ചമായ വരുമാനംകൊണ്ടാണ് നാല് മക്കളടങ്ങുന്ന ഈ കുടുംബം പുലരുന്നത്. വർഷങ്ങൾക്ക് മുമ്പ് ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ കാലിന് പരിക്കേറ്റ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ സ്ഥിരമായി ജോലിക്ക് പോകാനും സാധിക്കുന്നില്ല.

കാട്ടുപന്നി അക്രമിച്ചതിന് നഷ്ടപരിഹാരം തേടി വനംവകുപ്പിനെ സമീപിച്ചെങ്കിലും ഇതുവരെ സഹായമെന്നും കിട്ടിയിട്ടില്ല. ചികിത്സയെല്ലാം സൗജന്യമായതിനാൽ നഷ്ടപരിഹാരത്തുക നൽകില്ലെന്നാണ് മറുപടി കിട്ടിയതെന്ന് ബിന്ദു ആരോപിക്കുന്നു.

 

Content Highlights: Pig attack -tribal women lost her eyesight and hearing