പേര്യ: തവിഞ്ഞാൽ പഞ്ചായത്തിലെ വള്ളിത്തോട് സാമൂഹികാരോഗ്യകേന്ദ്രം അവഗണനയുടെ നടുവിൽ. നിത്യേന നൂറിലേറെപേർ ആശ്രയിക്കുന്ന ഈ ആരോഗ്യകേന്ദ്രത്തിന്റെ വികസനം കടലാസിലും വാഗ്ദാനത്തിലും മാത്രമായി ഒതുങ്ങുന്നു. ആവശ്യമായ ചികിത്സാസംവിധാനങ്ങൾ ഇല്ലാത്തതും ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവും ഈ ആരോഗ്യകേന്ദ്രത്തെ തളർത്തുകയാണ്. 1989-ലാണ് പേര്യ സാമൂഹികാരോഗ്യകേന്ദ്രം പ്രവർത്തനം തുടങ്ങിയത്. പിന്നീട് കെട്ടിടങ്ങളും മറ്റ് അനുബന്ധസൗകര്യങ്ങളും ഏർപ്പെടുത്തി. 2004-ൽ പ്രസവവാർഡ് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. രാമചന്ദ്രൻ ഉദ്ഘാടനംചെയ്തിരുന്നു. എന്നാൽ, ഒന്നരപ്പതിറ്റാണ്ടുകഴിഞ്ഞിട്ടും ഇത് തുറന്നുപ്രവർത്തിപ്പിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
2010-ൽ കുട്ടികളുടെ വാർഡ് അന്നത്തെ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ഉദ്ഘാടനംചെയ്തെങ്കിലും ഇതിന്റെ കാര്യവും തഥൈവ. ഇതോടൊപ്പം ഈ സാമൂഹികാരോഗ്യകേന്ദ്രത്തെ അന്ന് ദേശീയ പൊതുജനാരോഗ്യനിലവാരത്തിലേക്ക് ഉയർത്തുകയുംചെയ്തിരുന്നു. എന്നാൽ, ഇതൊന്നും ആരോഗ്യകേന്ദ്രത്തിന്റെ വികസനം സാധ്യമാക്കിയില്ല. ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ എക്സ്‌റേ മുറിയും അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതിനിടയിൽ രണ്ടാംനില പണിതെങ്കിലും അതും പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതിന്റെ നിർമാണം പൂർത്തിയാക്കിയാൽ ആരോഗ്യകേന്ദ്രത്തിന് വലിയ ഗുണംലഭിക്കുമായിരുന്നു. കിടത്തിച്ചികിത്സ നിലവിൽ പേരിനുമാത്രമാണുള്ളത്. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവുകാരണം രാത്രി കാര്യമായി പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാലാണ് കിടത്തിച്ചികിത്സ നാമമാത്രമായി ഒതുങ്ങിയത്. പുരുഷന്മാരുടെ വാർഡിലും സ്ത്രീകളുടെ വാർഡിലുമായി 24 കട്ടിലുണ്ട്. എങ്കിലും കിടത്തിച്ചികിത്സ ആവശ്യമായ രോഗികളെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് പതിവ്.
രോഗികൾക്ക് ദുരിതം
തവിഞ്ഞാൽ പഞ്ചായത്തിലുള്ള രോഗികളെ കൂടാതെ കൊട്ടിയൂർ ഭാഗത്തുനിന്നുള്ളവരും ഈ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയെത്തുന്നുണ്ട്. എല്ലാദിവസവും രാവിലെ ഒമ്പതുമുതൽ ഒരുമണിവരെയും രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയും ഒ.പി. പ്രവർത്തിക്കുന്നുണ്ട്. നാലുഡോക്ടറെ ഇവിടെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവർക്ക് മറ്റു ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുന്നതിനാൽ ചില ദിവസങ്ങളിൽ ഒരാൾമാത്രമാണ് രോഗികളെ പരിശോധിക്കുന്നത്. സായാഹ്ന ഒ.പി. ഇടക്കാലത്ത് നിർത്തിയെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് പുനരാരംഭിച്ചു. എന്നാൽ, നാലുമണിവരെ മാത്രമാണ് ഫാർമസി പ്രവർത്തിക്കുന്നത്. ലാബിന്റെ പ്രവർത്തനം ഉച്ചവരെ മാത്രമേയുള്ളൂ.
ഫാർമസിയിൽ രണ്ടുപേർ വേണ്ടിടത്ത് ഒരാൾ മാത്രമാണുള്ളത്. ഇതുകാരണം ഡോക്ടറെ കണ്ടിട്ടും മരുന്നുവാങ്ങാനായി രോഗികൾക്ക് ദീർഘനേരം വരിനിൽക്കേണ്ടിവരുന്നു.
സ്പെഷ്യലൈസ്ഡ് ഡോക്ടർമാരെ നിയമിക്കാത്തതുമൂലമാണ് കുട്ടികളുടെ വാർഡും പ്രസവവാർഡും തുറന്നുപ്രവർത്തിപ്പിക്കാൻ കഴിയാത്തത്. ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുമെന്ന് ഒമ്പതുവർഷംമുമ്പ് ആരോഗ്യമന്ത്രി ഇവിടെയെത്തി പ്രഖ്യാപിച്ചെങ്കിലും ഒന്നുംനടന്നില്ല. ഡോക്ടർമാർക്ക് രാത്രിയിൽ താമസിക്കാൻ ക്വാർട്ടേഴ്സ് ഉണ്ടെങ്കിലും ഇവിടെ ഡോക്ടർമാരില്ല. ഇവിടെ ചികിത്സാസൗകര്യം കാര്യമായി ലഭിക്കാത്തതുമൂലം പേര്യയിലെ ജനങ്ങൾ 20 കിലോമീറ്ററിലധികം സഞ്ചരിച്ച് മാനന്തവാടിയിലെത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്.