പനമരം: വലിയ പുഴയോരത്തെ മാത്തൂർ പൊയിൽ ആദിവാസിക്കോളനിക്കാർക്ക് തീരാദുരിതമാണ്. കഴിഞ്ഞ രണ്ടുവെള്ളപ്പൊക്കവും വേട്ടയാടിയതോടെ വീടുകൾ നശിച്ചും കേടുപാടുകൾ സംഭവിച്ചും നരകതുല്യ ജീവിതമാണിവിടെ.

പ്രളയവാർഷികത്തിൽ വീണ്ടുമെത്തിയ മഴവെള്ളപ്പാച്ചിലിൽ മാത്തൂർ പൊയിൽ കോളനിയിലെ വീടുകൾക്ക് മുകളിൽവരെ വെള്ളമെത്തിയിരുന്നു. കഴിഞ്ഞവർഷവും പനമരം വലിയപുഴ നിറഞ്ഞൊഴുകി വെള്ളംകയറിയിരുന്നു. എന്നാൽ, ഇത്തവണ വെള്ളത്തിന്റെ അളവുകൂടിയതായി കോളനിക്കാർ പറയുന്നു. വീട്ടിലെ സകല സാധനങ്ങളും വെള്ളംകയറി നശിച്ചു. തുണികളും കുട്ടികളുടെ പാഠപുസ്തകങ്ങളും വെള്ളമിറങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും കോളനിയിൽ കൂട്ടിയിട്ടിരിക്കുകയാണ്. പാത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളും ഒലിച്ചുപോയിട്ടുണ്ട്. കിടക്കകളും പുതപ്പുകളും നനഞ്ഞുകുതിർന്ന് ഉപയോഗശൂന്യമായതും കൂട്ടിയിട്ടിരിക്കുന്നു. കോളനിയിലാകെ എക്കൽമണ്ണ് വന്നടിഞ്ഞ് ചെളിക്കുളമായി മാറിയിരിക്കുകയാണ്.

ചെറിയമഴയിൽപോലും വെള്ളംകയറുന്ന പ്രദേശമാണ് മാത്തൂരിലെ പൊയിൽ ആദിവാസികോളനി. 21 വീടുകളിലായി 28 കുടുംബങ്ങളാണ് കോളനിയിലുള്ളത്. ഇത്തവണ രണ്ടുവീടുകൾക്കാണ് കൂടുതൽ കേടുപാടുകൾ സംഭവിച്ചത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഷെഡ്ഡ് തകർന്നതോടെ സർക്കാരിന്റെ 10,000 രൂപ ലഭിച്ചതുകൊണ്ട് പുതിയ ഷെഡ്ഡ് ഉണ്ടാക്കിയാണ് സുനിതയും ഭർത്താവ് വിനോദും രണ്ടരവയസ്സുള്ള മകൻ വിഘ്നേഷും താമസിച്ചിരുന്നത്. ഇത്തവണ തൂണുകളും മേൽക്കൂരയിലെ ഷീറ്റുകളും മാത്രമാണ് ഇവർക്ക് അവശേഷിച്ചത്. മറ്റു വീട്ടുസാധനങ്ങളും നാലുഭാഗവും മറച്ചിരുന്നതും വാതിലും കട്ടിലും ജനാലയുമെല്ലാം മഴവെള്ളം കൊണ്ടുപോയി. പെട്ടെന്ന് വെള്ളം ഇരച്ചുകയറിയതിനാൽ ഒന്നും എടുക്കാൻസാധിച്ചില്ല. പനമരത്തെ ദുരിതാശ്വാസക്യാമ്പിലേക്ക് പ്രാണനുംകൊണ്ട് ഓടുകയായിരുന്നെന്ന് സുനിത പറഞ്ഞു.

കോളനിയിലെ ശോഭന-ബാബു ദമ്പതിമാരുടെ വീട് ഏതുസമയത്തും നിലംപൊത്തുമെന്ന നിലയിലായതോടെ കുടുംബത്തോടെ ബന്ധുവീട്ടിലേക്ക് മാറി. ചമ്പ-തോലൻ ദമ്പതിമാർക്ക് 2017-ൽ വീടനുവദിച്ചെങ്കിലും തറകെട്ടി ചുമര് പാതിവഴിയിൽ എത്തിയതല്ലാതെ നിർമാണം പൂർത്തിയാക്കിയിട്ടില്ല. ഒരു സംഘടന ട്രഫോർഡ്ഷീറ്റ് കൊണ്ട് താത്കാലികമായി നിർമിച്ചുനൽകിയ ചാർത്തിലാണ് ഈ കുടുംബം അന്തിയുറങ്ങുന്നതും ഭക്ഷണം പാകംചെയ്യുന്നതുമെല്ലാം. കോളനിയിൽ എട്ട് ഷെഡ്ഡുകളാണ് സംഘടന ഇത്തരത്തിൽ നിർമിച്ചിരിക്കുന്നത്. അഞ്ചുവീടുകളുടെ നിർമാണമാണ് പാതിവഴിയിൽ കിടക്കുന്നത്.

രണ്ടുകിണറുകൾ കോളനിയിൽ ഉണ്ടെങ്കിലും വെള്ളംകലങ്ങുന്നതിനാൽ ഇവ ഉപയോഗിക്കാറില്ല. പൈപ്പുവെള്ളമാണ് ഏക ആശ്രയം. അതും പണിമുടക്കും. നല്ല ശൗചാലയങ്ങൾ പ്രശ്നമാണ്. ഓരോ വർഷവും വെള്ളംകയറുകയാണ്. പതിവായി ക്യാമ്പിലാണ് ഇവരുടെ ആ ദിനങ്ങൾ. മടങ്ങിയെത്തുമ്പോൾ മിക്ക സാധനങ്ങളും നശിച്ചിരിക്കും. മാറ്റി സുരക്ഷിതമായി പാർപ്പിക്കാമെന്ന് പറയുന്നതല്ലാതെ നടക്കുന്നില്ലെന്ന് ചമ്പ പറഞ്ഞു.