പനമരം: പനമരം പരക്കുനി റോഡിലെ കലുങ്ക് വിള്ളലുകളും പൊട്ടലുകളും വന്ന് അപകടാവസ്ഥയിൽ. ഒന്നരപ്പതിറ്റാണ്ടിലേറെ പഴക്കമുള്ള കലുങ്കിന്റെ തകർച്ചാവസ്ഥ അധികൃതരെ അറിയിച്ചിട്ടും കേട്ടഭാവം നടിക്കുന്നില്ലെന്നാണ് ആക്ഷേപം.
ജനവാസ മേഖലയായ പരക്കുനി റോഡിൽ അപകടം പതിയിരിക്കുകയാണ്. റോഡിന്റെ മുകളിൽനിന്ന് നോക്കിയാൽ കലുങ്കിന് പ്രശ്നമുള്ളതായി തോന്നില്ല. എന്നാൽ കലുങ്കിന്റെ അടിഭാഗത്തെ കോൺക്രീറ്റുകൾക്ക് വിള്ളലുകൾ വീണ് ഏത് നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. അടിത്തറയിലെ കല്ല്‌കെട്ടും ഇളകിയിട്ടുണ്ട്. കോൺക്രീറ്റുകൾ അടർന്നുപോയി കമ്പികൾ പുറത്ത് കാണുന്നുണ്ട്. ഒരുഭാഗത്ത് പൂർണമായും വലിയ പൊട്ടലുകളും കാണാം. പരക്കുനി അങ്കണവാടിക്ക് സമീപമാണ് ഈ പൊട്ടിയ കലുങ്കുള്ളത്.
മുമ്പ് ചെറിയ രീതിയിലുള്ള പൊട്ടൽ ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ട് പ്രളയങ്ങൾക്ക് ശേഷമാണ് അപകടകരമായ രീതിയിൽ തകർന്നത്. വെള്ളപ്പൊക്കഭീഷണി നേരിടുന്ന പരക്കുനിയിലൂടെ എത്തിയ ശക്തമായ കുത്തൊഴുക്കാണ് പാലം തകരാൻ ഇടയാക്കിയത്. 500-ഓളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചാണ് വിദ്യാർഥികൾ ഉൾപ്പെടെ ടൗണിലെത്തുന്നത്. ആദിവാസി കോളനികളിൽ മാത്രമായി 100-ലേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്കായുള്ള ഏകാധ്യാപിക വിദ്യാലയവും കലുങ്കിനപ്പുറമാണ്.
സ്കൂൾബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ദിനംപ്രതി ഇതുവഴി കടന്നുപോവാറുണ്ട്. ഇപ്പോൾ വലിയ വാഹനങ്ങൾ വരുമ്പോൾ നാട്ടുകാർ അപകടസൂചന നൽകാറാണ് പതിവ്. ആളില്ലെങ്കിൽ ലോറിയും ടിപ്പറുമെല്ലാം ഇതുവഴി പോവും. അപകടാവസ്ഥയിലായ കലുങ്ക് എത്രയും പെട്ടെന്ന് പുതുക്കിപ്പണിത് സംരക്ഷിക്കണമെന്ന് പ്രദേശവാസിയായ ബീരാളി യൂനസ് പറഞ്ഞു.