പനമരം : പള്ളിക്കുന്ന് ക്ഷീരസംഘത്തിന്റെ കെട്ടിടംപണിയുമായി ബന്ധപ്പെട്ട ആരോപണം അടിസ്ഥാനരഹിതമാണെന്ന് സംഘം പ്രസിഡന്റ് ഒ.വി. അപ്പച്ചൻ പറഞ്ഞു. അത്യാവശ്യപണികൾക്കായി 42 ലക്ഷത്തിലധികം രൂപ ചെലവഴിച്ചതിനാൽ ബാങ്ക് വായ്പയിലേക്ക് 45 ലക്ഷത്തോളം രൂപ തിരിച്ചടക്കേണ്ടിവന്നു. ഇതേത്തുടർന്നുണ്ടായ സാമ്പത്തികപ്രയാസങ്ങളാണ് പാൽവിലപോലും കർഷകർക്ക് കൃത്യസമയത്ത് നൽകാൻ പ്രയാസമായത്. എന്നാൽ, ഈ അവസരം മുതലാക്കി ഉയർന്നുവന്ന അഴിമതിയാരോപണങ്ങൾ രാഷ്ട്രീയമുതലെടുപ്പിനാണ്.

ക്ഷീരവികസനവകുപ്പ് സാമ്പത്തികതിരിമറി കണ്ടെത്തിയെന്നുപറയുന്നത് വസ്തുതാവിരുദ്ധമാണ്. 15 ദിവസത്തിനകം തുക തിരിച്ചടയ്ക്കണമെന്ന നോട്ടീസ് പിൻവലിച്ചിട്ടുണ്ട്. ഏതെങ്കിലും രീതിയിൽ തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ടെന്നോ വ്യാജരേഖകളോ കണക്കുകളോ കണ്ടെത്തിയാലോ ശക്തമായ നടപടികളിലൂടെ സംഘത്തിന്റെ പണം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.