പനമരം : പള്ളിക്കുന്നിലെ മൊബോക്കോ മൊബൈൽക്കടയിൽ മോഷണം. സംഭവത്തിൽ മൂന്നുപേരെ കമ്പളക്കാട് പോലീസ് അറസ്റ്റുചെയ്തു. വരദൂർ നാലുസെന്റ് കോളനിക്കാരായ തെക്കേക്കര കെ.കെ. അജ്മൽ (21), കുട്ടമാക്കൽ കെ. അജിത്ത് (20), കുട്ടമാക്കൽ കെ.കെ. അശ്വന്ത് (19) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയിലാണ് പ്രതികൾ പള്ളിക്കുന്നിലെ മൊബൈൽക്കടയുടെ ഷട്ടറിന്റെ പൂട്ടുതകർത്ത് മോഷണം നടത്തിയത്. 17 മൊബൈൽ ഫോണുകളും കടയിലെ മേശവലിപ്പിൽ സൂക്ഷിച്ച 8000 രൂപ ഉൾപ്പെടെ 90,000 രൂപയുടെ മുതലാണ് ഇവർ മോഷ്ടിച്ചത്. പോലീസ് 24 മണിക്കൂറിനുള്ളിൽ ഇവരെ പിടികൂടുകയുംചെയ്തു. കരണിയിൽനിന്നാണ് ഇവർ പോലീസിന്‍റെ വലയിൽക്കുടുങ്ങിയത്. കല്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വീഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു. എസ്.ഐ. പി.ജി. രാംജിത്ത്, എസ്.സി.പി.ഒ.മാരായ വി.ആർ. ദിലീപ് കുമാർ, സി.പി.ഒ.മാരായ എസ്. രതീഷ്, ജാസിം ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.