പനമരം : മഴ ശക്തമായതോടെ ചീക്കല്ലൂരിൽ വീടുകൾക്ക് മുമ്പിലെ മണ്ണിടിയുന്നത് ഭീഷണിയായി മാറുന്നു. റോഡ് വീതി കൂട്ടുന്നതിനായി മണ്ണെടുത്തതാണ് മണ്ണിടിയാൻ കാരണം.

ഏഴ് വീടുകളാണ് സംരക്ഷണ ഭിത്തിയില്ലാത്തിനാൽ മണ്ണിടിച്ചിൽഭീഷണി നേരിടുന്നത്. കൂടോത്തുമ്മൽ-മേച്ചേരി റോഡിലെ ചീക്കല്ലൂർ അങ്കണവാടിക്ക് സമീപമാണ് മണ്ണിടിയുന്നത്. രണ്ടുമാസം മുമ്പ് ഇവിടെ പുനരുദ്ധാരണപ്രവൃത്തികൾ നടത്തിയിരുന്നു.

നിർമാണത്തിന്റെ പ്രാരംഭഘട്ടത്തിൽത്തന്നെ സംരക്ഷണഭിത്തി വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. നിർമിച്ചു നൽകാമെന്ന് ഉറപ്പു നൽകിയതിനെത്തുടർന്നാണ് പണി തുടങ്ങിയതെന്ന് വീട്ടുകാർ പറയുന്നു.

കുന്നിൻപ്രദേശമായ ഇവിടെ മഴ ശക്തമായതോടെ കുത്തൊഴുക്കിൽ മണ്ണിടിയാൻ തുടങ്ങി. ചീക്കല്ലൂർ കൂളിമൂല കുറുമ കോളനിയിലെ രാമു, ഭാസ്കരൻ, സമീപത്തെ ടി.വി. സുരേഷ്, ഇ.കെ. ഉണ്ണികൃഷ്ണൻ, പുതിയവീട് കേശവമാരാർ, പരേതനായ ഇടത്തിൽ മാധവൻനായർ എന്നീ കുടുംബങ്ങളുടെ വീടുകൾക്ക് മുമ്പിലാണ് മണ്ണിടിയുന്നത്.

രാമുവിന്റെയും സുരേഷിന്റെയും വീടിനാണ് കൂടുതൽ ഭീഷണി. മണ്ണിടിഞ്ഞ് വീടിന്റെ തറയ്ക്കടുത്ത് എത്താറായ നിലയിലാണിപ്പോൾ. ഒാവുചാൽ നിർമാണത്തെച്ചൊല്ലിയും പരാതിയുണ്ട്.

മണ്ണിടിഞ്ഞ ഭാഗങ്ങളിൽ മണ്ണ് നിറഞ്ഞിരിക്കുന്നതിനാൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. കൂടാതെ ഒരു കിലോമീറ്ററോളം ഭാഗത്ത് ഒാവുചാലില്ലാത്തതിനാൽ റോഡിലൂടെയാണ് വെള്ളമൊഴുകുന്നത്.

പാടെ തകർന്നുകിടന്ന പനമരം-മേച്ചരി-കൂടോത്തുമ്മൽ റോഡിൽ ഏറെനാളത്തെ മുറവിളികൾക്കൊടുവിലാണ് പുനരുദ്ധാരണ പ്രവൃത്തികൾ നടത്തിയത്.

അപാകങ്ങൾ കാണിച്ച് നാട്ടുകാർ കളക്ടർക്കും പൊതുമരാമത്ത് അസിസ്റ്റൻറ് എൻജിനിയർക്കും പരാതി നൽകിയിട്ടുണ്ട്.