പനമരം : അരിഞ്ചേർമലയിൽ കിണറ്റിൽ വീണ പശുക്കിടാവിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. രാമച്ചനാട്ട് ആർ.സി. ജോയിയുടെ ഒരു വയസ്സുള്ള പശുക്കിടാവാണ് 25 റിങ് താഴ്ചയുള്ള കിണറ്റിൽ വീണത്.

ഞായറാഴ്ച ഉച്ചയോടെ പശുക്കളെ തൊഴുത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ പശുക്കുട്ടി വീടിനടുത്തുള്ള കിണറ്റിൽ വീഴുകയായിരുന്നു.

കല്പറ്റ സ്റ്റേഷൻ ഓഫീസർ കെ.എം. ജോമി, സീനിയർ ഫയർആൻഡ് റെസ്ക്യൂ ഓഫീസർ ടി.എം. അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ പശുക്കുട്ടിയെ രക്ഷിച്ചത്.