പനമരം : യാത്രക്കാർക്ക് പ്രയാസമായി മാറിയ കൂളിവയൽ - കൊയിലേരി റോഡിലെ അടിക്കാട് വെട്ടിമാറ്റി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒരു വർഷത്തിലേറെയായി വളർന്നു പന്തലിച്ചുനിന്ന മുൾക്കാടും അടിക്കാടും വെട്ടിത്തെളിച്ചത്. റോഡിലെ അപകടഭീഷണിയെക്കുറിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.

കൂളിവയലിൽനിന്ന് തുടങ്ങി രണ്ടര കിലോമീറ്ററോളം ഭാഗത്തെ കാട് വെട്ടിമാറ്റി കഴിഞ്ഞു. കൊയിലേരി - മാനന്തവാടി റോഡിൽ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ആറു മാസത്തോളമായി ഇതുവഴിയാണ് വാഹനങ്ങൾ കടന്നു പോവുന്നത്. ലോക്ഡൗണിൽ പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ കൂടൽ കടവ്, ആറാം മൈൽ ഭാഗങ്ങളിലെ ഗ്രാമീണപാതകൾ അടച്ചപ്പോഴും ഇതുവഴിയാണ് വാഹനങ്ങളെല്ലാം കടത്തിവിട്ടിരുന്നത്. മൂന്നര കിലോമീറ്ററോളം വരുന്ന റോഡിലാകെ അടിക്കാട് വളർന്ന് പന്തലിച്ചിരുന്നു. മുൾച്ചെടികളിൽ തട്ടി ഇരുചക്ര വാഹനയാത്രക്കാർക്കും മറ്റും പരിക്കേറ്റിരുന്നു.