പനമരം : കാട്ടാനശല്യം രൂക്ഷമായ നീർവാരം, അമ്മാനി, മണൽക്കടവ് തുടങ്ങിയ പ്രദേശവാസികൾക്ക് ആശ്വാസമായി വനംവകുപ്പ്.

കാട്ടാനയിറങ്ങുന്നത് പ്രതിരോധിക്കുന്നതിനായി ചെതലയം ഫോറസ്റ്റ് റെയ്‌ഞ്ചിനുകീഴിൽ വനംവകുപ്പ് ജീവനക്കാർ കിടങ്ങുകൾ നവീകരിച്ചു. തൂക്കുവേലികളും സ്ഥാപിച്ചു.

വനാതിർത്തിഗ്രാമങ്ങളായ മുക്രമൂല, മാരാർ കടവ്, മണൽക്കടവ്, അമ്മാനി, മണിക്കോട്, കുണ്ടൽവയൽ, മരുതിയമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ കടവുകൾ കേന്ദ്രീകരിച്ച് മണ്ണിടിഞ്ഞ് തൂർന്നുപോയ കിടങ്ങുകൾ മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ചാണ് നവീകരിച്ചത്.

വേലി തകർന്ന് പോയിടങ്ങളിൽ ആനകളെ പ്രതിരോധിക്കുന്നതിനായി തൂക്കുവേലിയും സ്ഥാപിച്ചു.

ഒരു കിലോമീറ്ററോളം ദൂരത്തിൽ ആഴം വർധിപ്പിച്ചുള്ള നവീകരണമാണ് ഓരോ കടവുകളിലും നടത്തിയത്.

സൗത്ത് വയനാട് ഡി.എഫ്.ഒ. പി. രഞ്ജിത്ത് കുമാറിന്റെ നിർദേശപ്രകാരം ചെതലയം ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസർ ടി. ശശികുമാർ, ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ ബി.പി. സുനിൽകുമാർ, എസ്.എഫ്.ഒ കെ.യു. മണികണ്ഠൻ, വാച്ചർമാരായ സി.ഒ. അരുൺ, രാജൻ അമ്മാനി, പി.എ. രാജേഷ്, കെ.ജി. രഘു തുടങ്ങിയവർ നേതൃത്വം നൽകി. ആനകൾ പതിവായി എത്തുന്നതും കാർഷികവിളകളും മറ്റും നശിപ്പിക്കുന്നതും പ്രദേശവാസികൾക്ക് വലിയ പ്രയാസമായിരുന്നു.