പനമരം : അഞ്ചുകുന്ന്, പനമരം ജലനിധി പദ്ധതികളിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി വിജിലൻസിന് പരാതി നൽകും. പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സ്കീം ലെവൽ എക്സിക്യുട്ടീവ് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിലാണ് അഴിമതിയെന്ന് ഭാരവാഹികൾ ആരോപിച്ചു. ഭാരവാഹികൾ മുഴുവൻ യു.ഡി.എഫ്. നേതാക്കളാണ്. അഞ്ചുകുന്ന് പദ്ധതിക്ക് 6.38 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. കൈതക്കൽ പ്രദേശത്തുള്ള 300 കുടുംബങ്ങൾക്കുകൂടി കണക്ഷൻ നൽകേണ്ടതുണ്ട്. വിഹിതത്തെക്കാൾ മൂന്നിരട്ടിത്തുക കൈതക്കൽ പ്രദേശത്തുള്ള ചിലരിൽനിന്ന് വാങ്ങിയത് ചോദ്യംചെയ്തതിന്റെ പ്രതികാരമായി ഈ പ്രദേശത്ത് കണക്ഷൻ നൽകാതെ തടഞ്ഞുവെച്ചിരിക്കുകയാണ്. പനമരം പദ്ധതിയുടെ ഭാരവാഹികളും യു.ഡി.എഫ്. നേതാക്കളാണ്. ഈ പദ്ധതിയിലും ഗുണനിലവാരമില്ലാത്ത പൈപ്പുകളാണ് ഉപയോഗിച്ചത്. സി. ബാലസുബ്രഹ്മണ്യൻ, തിരിവാൾ ആലി, കടന്നോളി സുബൈർ, കുര്യക്കോസ് മുള്ളൻമട, സലിം കൊല്ലിയിൽ എന്നിവർ സംസാരിച്ചു.