പനമരം : പനമരത്തെ മത്സ്യ-മാംസ മാർക്കറ്റ് റോഡ് ചീഞ്ഞുനാറുന്നു. ഫുട്പാത്തിലെ സ്ലാബുകൾ പൊട്ടിത്തകർന്ന് രൂപംകൊണ്ട കുഴികൾ അപകടക്കെണിയും ഒരുക്കുന്നു. ദിനംപ്രതി നൂറുകണക്കിനാളുകൾ എത്തുന്ന മാർക്കറ്റ് പരിസരത്താണ് ഈ ദുരവസ്ഥ. ടൗണിലെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന മാലിന്യം ഈ കുഴികളിൽ കെട്ടിക്കിടക്കുകയാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് നൂറുമീറ്റർ അരികിലായാണ് അവസ്ഥയുള്ളത്. തകർന്ന സ്ലാബുകൾക്ക് മീതെ അടിക്കാടുകളും വളർന്നു.

ഒരു വർഷത്തോളമായി ഇവിടെ സ്ലാബുകൾ തകർന്ന് കിടക്കുന്നു. മാർക്കറ്റിലേക്കുള്ള പ്രധാന വഴിയാണ് പനമരം പോലീസ് സ്റ്റേഷൻ റോഡ്. ഈ റോഡാകട്ടെ പാടെ തകർന്ന് കിടക്കുകയാണ്. മഴക്കാലമായതോടെ ചെളിക്കുളമായിമാറിയ റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുമ്പിൽപോലും മലിനജലം തളംകെട്ടിക്കിടക്കുന്നുണ്ട്. പ്രദേശത്തെ കുടുംബങ്ങൾക്കും ആശ്രയമായ റോഡ് ചെളിക്കുളമായി മാറിയതോടെ പഴയ മാർക്കറ്റ് റോഡിലൂടെയാണ് കാൽനടയാത്രക്കാരിൽ ഭൂരിഭാഗംപേരും സഞ്ചരിക്കാറുള്ളത്.