പനമരം : അഞ്ചുവർഷം മുമ്പ് ടാർ ചെയ്ത പനമരത്തെ മഞ്ചേരി പരക്കുനി റോഡ് പാടേ തകർന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര നടുവൊടിക്കുന്നതായിട്ടും കുഴികളടയ്ക്കാനോ റോഡ് നന്നാക്കാനോ അധികൃതർ തയ്യാറാവാത്തതിൽ പ്രതിഷേധം ശക്തമാവുന്നുണ്ട്. ഇരുനൂറോളം കുടുംബങ്ങൾക്ക് ആശ്രയമായ റോഡാണിത്.

പനമരം ടൗണിലേക്കുള്ള മിനി ബൈപ്പാസ് റോഡു കൂടിയായ ഇതുവഴി ആര്യന്നൂർ നടയിൽ ഗതാഗത തടസ്സം നേരിടുമ്പോൾ ഒട്ടേറെ വാഹനങ്ങൾ കടന്നു പോകാറുണ്ട്. മൂന്ന് ആദിവാസി കോളനികൾക്കും ആശ്രയമാണീ റോഡ്.മൂന്നര കിലോമീറ്റർ വരുന്ന റോഡ് പലയിടങ്ങളിലും തകർന്ന് വലിയ കുഴികളാണ്. മഴ പെയ്താൽ ഈ കുഴികളിലെല്ലാം വെള്ളം തളം കെട്ടിക്കിടക്കും. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും പനമരത്തെ പുഴകൾ കവിഞ്ഞൊഴുകി ആര്യന്നൂർ നടയിലെ വയലുകൾ വെള്ളത്താൽ ചുറ്റപ്പെട്ടതോടെയാണ് റോഡ് തകരാൻ തുടങ്ങിയത്. ഇപ്പോൾ വലിയ കുഴികളിൽ വാഹനങ്ങൾ അകപ്പെടുന്നതിനാൽ ടാക്‌സി വാഹനങ്ങൾപോലും ഇവിടേക്കെത്താറില്ല. മുസ്‌ലിം ലീഗ് പ്രവർത്തകരാണ് റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചത്. യൂത്ത് ലീഗ് പനമരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജാബിർ വരിയിൽ ഉദ്ഘാടനം ചെയ്തു. മൂസ കാഞ്ഞായി അധ്യക്ഷത വഹിച്ചു.

ഷബ്‌നാസ് ബാപ്പൂട്ടി, അർഷാദ് ചങ്ങാടക്കടവ്, സി.കെ. അബു, മഞ്ചേരി ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.