പനമരം : കൂളിവയൽ-കൊയിലേരി റോഡ് കാടുമൂടിയത് അപകടങ്ങൾക്കിടയാക്കുമെന്ന് ആശങ്ക. റോഡിന്റെ ഇരുഭാഗങ്ങളിലും വളർന്ന് പന്തലിച്ചുനിൽക്കുന്ന അടിക്കാടും മുൾക്കാടും റോഡിലേക്ക് ചാഞ്ഞ മരച്ചില്ലകളുമാണ് അപകടക്കെണി ഒരുക്കുന്നത്. പനമരം പഞ്ചായത്തിലെ മൂന്നാംവാർഡിൽ ഉൾപ്പെടുന്നതാണ് കൂളിവയൽ- കൊയിലേരി റോഡ്.

കൊയിലേരി-മാനന്തവാടി റോഡിൽ പുനരുദ്ധാരണപ്രവൃത്തികൾ നടക്കുന്നതിനാൽ ആറുമാസത്തോളമായി ഇതുവഴിയാണ് വാഹനങ്ങൾ കടന്നുപോവുന്നത്. ലോക്ഡൗണിൽ പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ കൂടൽക്കടവ്, ആറാംമൈൽ ഭാഗങ്ങളിലെ ഗ്രാമീണപാതകൾ അടച്ചപ്പോഴും ഇതുവഴിയാണ് വാഹനങ്ങളെല്ലാം കടത്തിവിട്ടിരുന്നത്. ഏതാണ്ട് മൂന്നരക്കിലോമീറ്ററോളം വരുന്ന റോഡിലാകെ അടിക്കാട് വളർന്നിരിക്കുകയാണ്. മുൾച്ചെടികളുള്ളതിനാൽ യാത്രക്കാർക്ക് പരിക്കേൽക്കാനും സാധ്യതയുണ്ട്. കഷ്ടിച്ച് ഒരുവാഹനത്തിനുമാത്രം കടന്നുപോവാനുള്ള വിസ്താരമേ റോഡിലുള്ളൂ. എതിരേവരുന്ന വാഹനങ്ങൾക്ക് അരിക് കൊടുക്കാൻപോലും നിർവാഹമില്ലാത്ത അവസ്ഥയാണ്. റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരച്ചില്ലകളും പ്രശ്നമാണ്. മഴയിൽ ഇവ പൊട്ടിവീണും അപകടത്തിനിടയാക്കുമെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു.