പനമരം : ജില്ലയിലെ തരിശുപാടങ്ങളിൽ കൃഷിയിറക്കി പൊന്നുവിളയിക്കാനുള്ള ശ്രമത്തിലാണ് ഒരുകൂട്ടം വിരമിച്ച അധ്യാപകർ. വിശ്രമജീവിതം വെറുതേയിരിക്കാതെ പാടത്തേക്കിറങ്ങി തരിശുഭൂമികൾ കൃഷി സമൃദ്ധമാക്കാൻ ഒത്തുകൂടുകയാണ് സമൃദ്ധി വയനാട് എന്ന കൂട്ടായ്മയിലൂടെ ഇവർ. അതിന്റെ ഭാഗമായി അഞ്ചുകുന്നിനടുത്തുള്ള ക്ലബ്ബ് സെന്ററിലെ പത്തേക്കർ തരിശുഭൂമിയിൽ ഗന്ധകശാല വിത്തിറക്കി.

കാലിക്കറ്റ് സർവകലാശാല മുൻ വൈസ്ചാൻസലർ കെ.കെ.എൻ. കുറുപ്പിന്റെ നേതൃത്വത്തിലുള്ള 12 പേരടങ്ങുന്ന സംഘമാണ് ജില്ലയിലെ തരിശുപാടങ്ങളിൽ നെൽക്കൃഷിയിറക്കാൻ സംഘടിച്ചിരിക്കുന്നത്. കെ.കെ.എൻ. കുറുപ്പിന്റെ മനസ്സിൽ രൂപംകൊണ്ട ആശയത്തെ അഞ്ചുകുന്ന് ശിവരാമൻ പാട്ടത്തിലിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് ജില്ലയിൽ പ്രാവർത്തികമാക്കുന്നത്.

ആദ്യപടിയായാണ് ഒന്നര പതിറ്റാണ്ടായി തരിശിട്ടിരിക്കുന്ന അഞ്ചുകുന്ന് ക്ലബ്ബ് സെന്ററിലെ 10 ഏക്കർ പാടത്ത് കൃഷിയിറക്കുന്നത്. സമൃദ്ധി വയനാട് എന്നപേരിൽ കൂട്ടായ്‌മ രൂപവത്കരിച്ചാണ് 12 പേർ പുതിയ സംരംഭത്തിനിറങ്ങിയിരിക്കുന്നത്.

സഹായത്തിനായി സ്വാമിനാഥൻ ഫൗണ്ടേഷനും കൃഷിവകുപ്പും ഒപ്പമുണ്ട്. സ്വാമിനാഥൻ ഫൗണ്ടേഷൻ വഴി ലഭിച്ച വിത്തുവിതയ്ക്കൽ പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷൈനികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

എം. ഗോവിന്ദൻ നമ്പീശൻ, വാർഡംഗം ബിന്ദു രാജൻ, എം. രാമൻ മ്പീശൻ, കെ.പി. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.