പനമരം : പള്ളിക്കുന്നിൽ അച്ഛനും മകനും കുത്തേറ്റ സംഭവത്തിൽ പ്രതിയെ കമ്പളക്കാട് പോലീസ് അറസ്റ്റുചെയ്തു. കോട്ടത്തറ പുലിമുണ്ട ആദിവാസി കോളനിയിലെ ബാലനെ(45)യാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. കോളനിയിലെ ഗോപി (45), മകൻ അനീഷ് (18) എന്നിവരെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മദ്യലഹരിയിൽ എത്തിയ ബാലൻ കത്തികൊണ്ട് ഇരുവരെയും കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ അനീഷും ഗോപിയും മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. കുടുംബവഴക്കിനെ തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് പ്രതി അനീഷിനെ കത്തികൊണ്ട് വെട്ടാൻ ശ്രമിക്കുന്നത്. ഇത് തടഞ്ഞ പിതാവ് ഗോപിക്കും കുത്തേറ്റു.

തുടർന്ന് കോട്ടത്തറയിലെ ചീരാറ്റുകുന്ന് കോളനിയിൽ ഒളിവിൽ കഴിയുകയായിരുന്ന ബാലനെ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് കമ്പളക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.വി. പളനി, എസ്.ഐ. പി.ജി. രാംജിത്ത്, എ.എസ്.ഐ. എം. യൂസഫ്, എസ്.സി.പി.ഒ. കെ.എം. ത്വൽഹത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഗോപിയുടെ ഭാര്യാസഹോദരനാണ് ബാലൻ. കല്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിൽ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.