പനമരം : നെല്ലിയമ്പത്ത് റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് വൻ നാശനഷ്ടം. വീട്ടുപകരണങ്ങൾ കത്തിനശിച്ചു. മൈതാനിക്കുന്നിലെ നീലാലയിൽ നബീസയുടെ വീട്ടിലാണ് അപകടം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. ആദ്യം പുകയുയരുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. ശബ്ദം കേട്ടെത്തിയ നാട്ടുകാരും മാനന്തവാടി അഗ്നിരക്ഷാ സേനയും പനമരം പോലീസും ചേർന്നാണ് തീ പൂർണമായും അണച്ചത്. ഒൻപത് വർഷത്തോളം പഴക്കമുള്ള റഫ്രിജറേറ്ററാണ്‌. അപകടത്തിൽ അടുക്കള ഭാഗത്തെ മേൽക്കൂരയിലെ അഞ്ച് ആസ്ബസ്റ്റോസ് ഷീറ്റുകൾ കത്തി നശിച്ചു. പിറകുവശത്തെ ചുമരുകൾക്ക് വിള്ളലുകളും കേടുപാടുകളും ഉണ്ടായി. മേശ, പാത്രങ്ങൾ, ഇലക്‌ട്രിക് അടുപ്പ്, ഗ്യാസ് അടുപ്പ് എന്നിവയും അടുക്കളയിൽ സൂക്ഷിച്ച ഭക്ഷ്യധാന്യങ്ങളും നശിച്ചു. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 40,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നബീസയുടെ മകൻ മാത്രമായിരുന്നു സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നത്.