പനമരം : ഗ്രാമപ്പഞ്ചായത്തിലെ ലൈഫ് മിഷൻ ഭവന പദ്ധതിയിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പനമരം പഞ്ചായത്ത് ഓഫീസിനുമുൻപിൽ വ്യാഴാഴ്ച യു.ഡി.എഫ്. ധർണ നടത്തും. ജലനിധി പദ്ധതിയിൽ വൻ അഴിമതി നടക്കുന്നതായും യു.ഡി.എഫ്. ആരോപിച്ചു. ലൈഫ് മിഷൻ ഗുണഭോക്താക്കളെ സ്വാധീനിച്ച് ചില അംഗങ്ങൾ കുറഞ്ഞവിലയ്ക്ക് സ്ഥലം വാങ്ങി ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്ന് മണ്ഡലം യു.ഡി.എഫ്. കൺവീനർ ബെന്നി അരിഞ്ചേർമല, കുനിയൻ അസീസ്, എം.സി. സെബാസ്റ്റ്യൻ, ടി.കെ. ഭൂപേഷ്, സിനോ പാറക്കാലയിൽ എന്നിവർ പറഞ്ഞു.