പനമരം : മക്കളെ മർദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിലായി. ഏച്ചോം സ്വദേശിയെയാണ്‌ കമ്പളക്കാട് പോലീസ് അറസ്റ്റുചെയ്തത്. മൂന്നിലും നാലിലും പഠിക്കുന്ന കുട്ടികളെ ഇയാൾ മാരകമായി മർദിച്ചെന്ന അയൽക്കാരന്റെ പരാതിയിലാണ് പോലീസ് നടപടി.

ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മകനെ ഇയാൾ കേബിൾവയർകൊണ്ട് പുറത്തടിക്കുകയും മകളുടെതല ചുമരിൽ ഇടിച്ചു മുറിവുണ്ടാക്കിയെന്നുമാണ് പരാതി. പരിക്കേറ്റ കുട്ടികൾ കല്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ പിണങ്ങിപ്പോയ ദേഷ്യത്തിനാണ് ഇയാൾ കുട്ടികളെ മർദിച്ചതെന്ന് പരാതിയിൽ പറയുന്നു.

കമ്പളക്കാട് എസ്.ഐ. പി.ജി. രാംജിത്ത്, വി.ആർ. ദിലീപ് കുമാർ, വി. വിപിൻ, എസ്. ശരത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരിൽ ബാലനീതി നിയമപ്രകാരം കേസെടുത്തു. വീഡിയോ കോൺഫറൻസിലൂടെ കല്പറ്റ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.