പനമരം : പുഞ്ചവയൽ ഗണപതിക്ഷേത്രത്തിലെ കൽവിളക്ക് കാട്ടാന തകർത്തു. പുഞ്ചവയൽ-നീർവാരം റോഡിലെ പ്രസിദ്ധമായ കല്ലമ്പലത്തിന് സമീപത്തെ ഗണപതിക്ഷേത്രത്തിലെ കൽവിളക്കാണ് തകർത്തത്. ഏറെനേരം പ്രദേശത്ത് തമ്പടിച്ച കാട്ടാനകൾ സമീപത്തെ കാർഷികവിളകളും നശിപ്പിച്ചു.

ക്ഷേത്രവിശ്വാസികൾ കത്തിച്ചിരുന്ന കൽവിളക്കാണിത്. ഇവിടെ പതിവായി കാട്ടാനകൾ എത്തുന്നതായി പരിസരവാസികൾ പറയുന്നു.

കഴിഞ്ഞ ദിവസം പുഞ്ചവയൽ ചന്ദ്രശേഖരന്റെ അരയേക്കറോളം ഇഞ്ചിക്കൃഷിയും ആനകൾ നശിപ്പിച്ചു.

ഇപ്പോൾ ഒരാഴ്ചയായി ഇവിടെ കാട്ടാനകളുടെ ശല്യം അധികരിച്ചിരിക്കുകയാണ്. ഏത് തരം കൃഷിയിറക്കിയാലും ആനകൾ നശിപ്പിക്കുന്നതായി ചന്ദ്രശേഖരൻ പറഞ്ഞു.

നെയ്ക്കുപ്പ വനത്തിൽനിന്നാണ് എട്ട് കിലോമീറ്ററോളം താണ്ടി കാട്ടാനകൾ പുഞ്ചവയലിലേക്കെത്തുന്നത്. എല്ലാ തരം വിളകളും നശിപ്പിക്കുന്നുണ്ടെങ്കിലും ശാശ്വത പരിഹാരംമാത്രം ഉണ്ടാവുന്നില്ലെന്ന് കർഷകനായ പുഞ്ചവയൽ സ്വദേശി കെ.സി. പുഷ്പരാജൻ പറഞ്ഞു. സന്ധ്യയോടെ പാതയോരങ്ങളിൽവരെ കാട്ടാനകൾ നിലയുറപ്പിക്കുകയാണ്.