പനമരം : കഴിഞ്ഞ പ്രളയത്തിൽ തകർന്ന എരനെല്ലൂർ മഹാവിഷ്ണുക്ഷേത്രം റോഡിലെ കുഴി അപകടഭീഷണി ഉയർത്തുന്നു.

കുത്തൊഴുക്കിൽ ഇടിഞ്ഞുപോയ റോഡ് നന്നാക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്ന് ആക്ഷേപം. നാലുവർഷം മുമ്പ് മുൻ മന്ത്രി പി.കെ. ജയലക്ഷ്മി അനുവദിച്ച പത്തുലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് ടാർ ചെയ്തത്. മൂലവയൽ, ചുണ്ടക്കുന്ന് പ്രദേശവാസികൾക്കും ക്ഷേത്ര വിശ്വാസികൾക്കും ആശ്രയമാണീ റോഡ്. എരനെല്ലൂർ ആദിവാസി കോളനിയ്ക്ക് സമീപം ക്ഷേത്രക്കുളത്തിനടുത്താണ് ഗർത്തമുള്ളത്. ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന ഇവിടെ അപകടം പതിയിരിക്കുകയാണെന്ന് പ്രദേശവാസിയായ സന്തോഷ് കുമാർ പറഞ്ഞു. എരനെല്ലൂരിൽ നിന്നെത്തുന്ന മഴവെള്ളം ഇതുവഴിയാണ് കരിമ്പുമ്മലും, വാഴക്കണ്ടി വയലും കടന്ന് നെല്ലാറാട്ട് കവലയിലെ തോടിലൂടെ ഒഴുകുന്നത്. മുമ്പുണ്ടായിരുന്ന തോടുകൾ നശിച്ച് ഇപ്പോൾ ഒരു നീർച്ചാൽ മാത്രമായതും റോഡ് തകരാൻ കാരണമായതായി നാട്ടുകാർ പറഞ്ഞു.