പനമരം: കവുങ്ങിൽനിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് വർഷങ്ങളായി കിടപ്പിലായ സുനീഷിന് വീട്ടിലേക്കുള്ള വഴിവെട്ടിനൽകി. പനമരം സി.എച്ച്. റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിലാണ് വഴിവെട്ടിയത്. വിളമ്പുകണ്ടം സ്വദേശിയായ നെല്ലിക്കാട്ടിൽ സുനീഷിന്റെ വീട്ടിലേക്ക് വഴി ഇല്ലാത്തത് ചികിത്സയ്ക്കും മറ്റും പ്രയാസം ഉണ്ടാക്കിയിരുന്നു. നടവഴിപോലുമില്ലാതെ തോട്ടത്തിലൂടെയായിരുന്നു വീൽ ചെയറിൽ കഴിഞ്ഞിരുന്ന സുനീഷിനെ തലച്ചുമടായി ആശുപത്രികളിലേക്ക് കൊണ്ടുപോയിരുന്നത്. ഈ സാഹചര്യത്തിലാണ് പനമരം റെസ്ക്യൂ ടീം കുടുംബത്തിന് തുണയായത്. മൂന്ന് അടി വീതിയിൽ 120 മീറ്ററോളം വഴിയാണ് ഇവർ ഒരുക്കിയത്.