പനമരം: നീർവാരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ മുപ്പതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇതിൽ 20 കുട്ടികളുണ്ട്. പുറത്ത് നിന്നെത്തിച്ച ബിരിയാണി കഴിച്ചാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് പുറത്തുനിന്ന് ക്യാമ്പിൽ ഭക്ഷണം എത്തിച്ചത്. ഇത് കഴിച്ചവർക്കാണ് വയറുവേദനയും ഛർദിയും തലകറക്കവും ഉണ്ടായത്. തുടർന്ന് ഇവരെ പനമരം സി.എച്ച്.സി.യിലും മാനന്തവാടി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വെള്ളം കയറിയ പനമരം പഞ്ചായത്തിൽ ഉൾപ്പെടുന്ന ചെറുകാട്ടൂർ, അമ്മാനി, നീർവാരം, കൂടമ്മാടി, പരിയാരം എന്നീ പ്രദേശങ്ങളിൽനിന്നായി 238 പേരാണ് നീർവാരം ക്യാമ്പിൽ ഉള്ളത്. വൈകുന്നേരം ഏഴു മണിയോടെ ആരോഗ്യ വകുപ്പ് അധികൃതരും പനമരം പോലീസും ക്യാമ്പിൽ എത്തി പരിശോധിച്ചു. പുറത്തുനിന്ന് ക്യാമ്പുകളിൽ ഭക്ഷണമെത്തിക്കുന്നതിന് വിലക്കുണ്ട്. സംഭവത്തിനുശേഷം ഇത് കർശനമാക്കി.