പനമരം: പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പുതിയ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ പണി തുടങ്ങി. ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് പണി തുടങ്ങിയത്. 1.70 കോടി രൂപ ചെലവിൽ സ്റ്റാൻഡിന്റെ മധ്യഭാഗത്തായാണ് പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം പണിയുന്നത്.
എന്നാൽ നിലവിൽ അവിടെ ബസ് കാത്തിരിപ്പുകേന്ദ്രം പണിയുന്നതിൽ യാതൊരു പ്രയോജനവും ഉണ്ടാവില്ലെന്നും മറിച്ച് ടൗണിലെ ഗതാഗതക്കുരുക്ക് വർധിപ്പിക്കുമെന്നുമാണ് നാട്ടുകാർ പറയുന്നത്.
നിലവിൽ സ്റ്റാൻഡിലെ ഒരു വശത്തായി ബസ് കാത്തിരിപ്പുകേന്ദ്രം ഉണ്ട്. ഇവിടെ യാത്രക്കാർ ഇരിക്കാറില്ല. ബസ് വരുന്നത് അറിയാനും കയറാനും ഇവിടെ ഇരുന്നാൽ കഴിയില്ലെന്നതാണ് കാരണം. അതിനാൽ ടൗണിൽ ബസ് കാത്ത് നിൽക്കാൻ ഒരിടം വേണമെന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല.
പക്ഷേ, ഇപ്പോൾ പണി തുടങ്ങിയ സ്ഥലം അനുയോജ്യമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള കനറാ ബാങ്കിന് എതിർവശത്തുള്ള മാവ് മുറിച്ച് മാറ്റി അവിടെ കാത്തിരിപ്പ് കേന്ദ്രം പണിയണമെന്നാണ് ആവശ്യം. പൊടുന്നനെ ബസുകൾ സ്റ്റാൻഡിലേക്ക് കയറ്റി തിരിക്കുന്നത് ഗതാഗതതടസ്സം സൃഷ്ടിക്കാറുണ്ട്. ബസ് കാത്തിരിപ്പുകേന്ദ്രം കൂടിയായാൽ ഗതാഗതക്കുരുക്ക് മുറുകും.
അശാസ്ത്രീയവും ഉപകാരമില്ലാത്തതുമായ നിർമാണം നിർത്തിവെക്കണമെന്നും പകരം അനുയോജ്യമായ സ്ഥലം കണ്ടെത്തി ബസ് കാത്തിരിപ്പുകേന്ദ്രം അങ്ങോട്ടേക്ക് നീക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ കൃത്യമായ ധാരണ ഇല്ലാത്തതാണ് ആശയകുഴപ്പങ്ങൾക്ക് കാരണമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ബസുകൾ സ്റ്റാൻഡിൽ കയറ്റി തിരിച്ച് ആളെ കയറ്റി പോവുന്നതിനുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.