പടിഞ്ഞാറത്തറ: വിത്തുവിതച്ചും ഞാറുനട്ടും കൊയ്തുമെതിച്ചും വളർന്നവർക്കിടയിൽ പ്രളയം ഒന്നല്ല രണ്ടാം തവണയും തോറ്റു. പടിഞ്ഞാറത്തറ കുറുമണിയിലെ പാടശേഖരമാണ് പ്രളയത്തോട് പടവെട്ടി ഇത്തവണയും നൂറുമേനി കൊയ്തത്. കനത്തമഴയും പിന്നാലെ പ്രളയവും വന്നതിനാൽ നഞ്ചക്കൃഷി അല്പം വൈകിയെങ്കിലും പ്രതീക്ഷകൾ അസ്ഥാനത്തായില്ല. കണ്ണെത്താദൂരത്തോളം വിശാലമായ പാടത്ത് മനസ്സുനിറഞ്ഞൊരു കൊയ്ത്തുകാലം കൂടി പിൻവാങ്ങി. നഷ്ടക്കണക്ക് പറഞ്ഞ് നെൽപ്പാടം തരിശിടുന്നവർക്ക് കണ്ടു പഠിക്കാം കുറുമണിയിലെ വേറിട്ട വിജയഗാഥകൾ.
ജൂൺ, ജൂലായ് മാസങ്ങളിൽ വിത്തുവിതച്ച് ഞാറുപറിച്ചു നടുന്നതായിരുന്നു വയനാട്ടിലെ നഞ്ച നെൽക്കൃഷിയുടെ തനതുരീതി. ഈ സമയത്താണ് പ്രളയം വന്ന് എല്ലാം താളംതെറ്റുന്നത്. ബാണാസുര സാഗർ അണക്കെട്ട് ഷട്ടർ തുറന്നാൽ ഏറ്റവും ആദ്യം വെള്ളത്തിൽ മുങ്ങുന്ന പ്രദേശമാണ് കുറുമണി. പുഴയോരത്ത് നിന്ന് ഏറെ അകലെയല്ലാത്ത ഈ പാടശേഖരങ്ങളിൽനിന്നും വെള്ളം ഒഴിഞ്ഞുപോകണമെങ്കിൽ മഴകുറഞ്ഞ് ഏതാനും ദിവസങ്ങൾ കാത്തിരിക്കണം. ഈ സാഹചര്യങ്ങളോടെല്ലാം പടവെട്ടിയാണ് നെൽക്കൃഷിയുടെ താളം ഇവിടത്തെ കർഷകർ കാത്തുവെച്ചത്. സമാന സ്വഭാവമുള്ള മറ്റു പാടശേഖരങ്ങളിൽ നിന്നെല്ലാം നെൽക്കൃഷി പിൻവാങ്ങിയപ്പോൾ ഈ പാടത്ത് കർഷകർ ഉറച്ചുനിന്നു.
നഷ്ടമല്ല ഇവർക്ക് നെൽക്കൃഷി
ഉയർന്ന ഉത്പാദനച്ചെലവും കാലാവസ്ഥാമാറ്റവും തൊഴിലാളി ക്ഷാമവുമെല്ലാം നെൽക്കൃഷിയുടെ നഷ്ടക്കണക്കുകൾ ഉയർത്തുമ്പോൾ അതിനെങ്ങനെ പരിഹാരം കാണാമെന്ന് കുറുമണിയിലെ കർഷകർ പരീക്ഷിച്ച് വിജയംകണ്ടു. സുരേഷ് മലമൂല, അജിത്ത് കുമാർ, കൃഷ്ണദാസ് എന്നിവർ ചേർന്ന് കുറുമണിയിൽ നാലേക്കർ പാടത്താണ് ഇത്തവണ നെൽക്കൃഷിയിറക്കിയത്. 80 ക്വിന്റൽ നെല്ലാണ് ഇവർക്ക് ഇത്തവണ ഇതിൽനിന്നും വിളവ് ലഭിച്ചത്. 96,000 രൂപയാണ് ഇത്രയും സ്ഥലത്ത് കൃഷിയിറക്കാൻ ചെലവായ തുക. പൊതു വിപണിയിൽ ക്വിന്റലിന് 1675 രൂപവരെയാണ് ഇപ്പോൾ നെല്ലിന് വില. ഇങ്ങനെയാണെങ്കിൽ 1,34,000 രൂപവരെ ഈയിനത്തിൽ ലഭിക്കും. ഇതുവെച്ച് കണക്കുകൂട്ടിയാൽ 38,000 രൂപ മിച്ചം ലഭിക്കും എന്നാണ് ഈ കർഷകർ പറയുന്നത്. ഇതേ പാടത്തുനിന്നും ശേഖരിക്കുന്ന 200 റോൾ വൈക്കോലിന് 32,000 രൂപയെങ്കിലും ലഭിക്കും. പാടം പൂട്ടൽ, കൊയ്ത്ത്, മെതി എന്നിവയ്‌ക്കെല്ലാം യന്ത്രംതന്നെ ഉപയോഗിച്ചതിനാൽ പരമാവധി ചെലവ് കുറയ്ക്കാനായി. ഞാറ്് പറിക്കാനും നാട്ടിക്കും ബംഗാളി തൊഴിലാളികളെയും ആശ്രയിച്ചു. യന്ത്രങ്ങൾ ഇറക്കാൻ സൗകര്യമുള്ള പാടങ്ങളിൽ ഇത്തരത്തിലുള്ള കൃഷി രീതികൾ കർഷകർക്ക് പ്രതീക്ഷയാണ്. സപ്ളൈകോയുടെ നെല്ല് സംഭരണ വിപണിയെ ആശ്രയിച്ചാൽ ലാഭം ഇതിനെക്കാൾ കൂടുതലാക്കാം. വയനാട്ടിലെ പാടശേഖരങ്ങൾക്ക് ഇവർ നൽകുന്നത് പുതിയ പ്രതീക്ഷകളാണ്.