പടിഞ്ഞാറത്തറ: കൗമാരകലോത്സവം ഉത്സവമായി ഏറ്റെടുത്ത പടിഞ്ഞാറത്തറയില്‍ ആതിഥേയരായ മാനന്തവാടി ഉപജില്ല രണ്ടാംദിവസവും ആധിപത്യത്തോടെ മുന്നേറുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 92 ഇനങ്ങളില്‍ 75 എണ്ണം പൂര്‍ത്തിയായപ്പോള്‍ 332 പോയന്റുമായാണ് മാനന്തവാടി ഒന്നാംസ്ഥാനത്ത് തുടരുന്നത്. 327 പോയന്റുമായി വൈത്തിരി ഉപജില്ല തൊട്ടുപിന്നാലെ രണ്ടാംസ്ഥാനത്തുണ്ട്. മൂന്നാംസ്ഥാനത്തുള്ള ബത്തേരി ഉപജില്ലയ്ക്ക് 318 പോയന്റാണുള്ളത്. സ്‌കൂളുകളില്‍ 90 പോയന്റുമായി മാനന്തവാടി എം.ജി.എം. എച്ച്.എസ്.എസാണ് മുന്നേറുന്നത്.
എച്ച്.എസ്.എസ്. വിഭാഗത്തില്‍ മൂന്ന് ഉപജില്ലകളും നേരിയ പോയന്റുകളുടെ വ്യത്യാസത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 102 ഇനങ്ങളില്‍ 81 എണ്ണം പൂര്‍ത്തിയായപ്പോള്‍ 346 പോയന്റുമായി ബത്തേരിയാണ് ഒന്നാംസ്ഥാനത്ത്. തൊട്ടുപിന്നാലെ 343 പോയന്റുമായി മാനന്തവാടി രണ്ടാംസ്ഥാനത്തും 342 പോയന്റുമായി വൈത്തിരി മൂന്നാംസ്ഥാനത്തുമാണുള്ളത്. സ്‌കൂളുകളില്‍ പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ്. 145 പോയന്റുമായി മുന്നിട്ടുനില്‍ക്കുകയാണ്. യു.പി. വിഭാഗത്തില്‍ 37 ഇനങ്ങളില്‍ 33 എണ്ണം പൂര്‍ത്തിയായപ്പോള്‍ 156 പോയന്റുമായി ബത്തേരി ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. 139 പോയന്റുമായി വൈത്തിരി രണ്ടാംസ്ഥാനത്തും 135 പോയന്റുമായി മാനന്തവാടി മൂന്നാംസ്ഥാനത്തുമാണുള്ളത്. സ്‌കൂളുകളില്‍ 25 പോയന്റുമായി പടിഞ്ഞാറത്തറ എ.യു.പി.എസാണ് ഒന്നാംസ്ഥാനത്തുള്ളത്.
അറബിക് കലോത്സവത്തില്‍ മാനന്തവാടി
അറബിക് കലോത്സവത്തില്‍ മാനന്തവാടി ഉപജില്ലയ്ക്ക് കിരീടം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആകെയുള്ള 19 ഇനങ്ങളും പൂര്‍ത്തിയായപ്പോള്‍ 96 പോയന്റുമായാണ് മാനന്തവാടി ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. 83 പോയന്റുനേടിയ വൈത്തിരി രണ്ടാംസ്ഥാനവും 82 പോയന്റുനേടിയ ബത്തേരി മൂന്നാംസ്ഥാനവും നേടി. സ്‌കൂളുകളില്‍ പനമരം ക്രസന്റ് പബ്ലിക് എച്ച്.എസാണ് ചാമ്പ്യന്മാരായത്. 58 പോയന്റാണ് നേടിയത്. മുട്ടില്‍ ഡബ്ല്യു.ഒ.വി. എച്ച്.എസ്.എസ്. 54 പോയന്റുമായി രണ്ടാംസ്ഥാനവും പിണങ്ങോട് ഡബ്ല്യു.ഒ. എച്ച്.എസ്.എസ്. 44 പോയന്റുമായി മൂന്നാംസ്ഥാനവും നേടി.
സംസ്‌കൃതോത്സവത്തില്‍ വൈത്തിരിയും ബത്തേരിയും
യു.പി. വിഭാഗം സംസ്‌കൃതോത്സവത്തില്‍ വൈത്തിരി ഉപജില്ലയും ബത്തേരി ഉപജില്ലയും കിരീടം പങ്കിട്ടു. 90 പോയന്റുവീതം നേടിയാണ് ഇവര്‍ ജേതാക്കളായത്. രണ്ടാംസ്ഥാനത്തുള്ള മാനന്തവാടി ഉപജില്ലയ്ക്ക് 88 പോയന്റാണുള്ളത്. സ്‌കൂളുകളില്‍ ബത്തേരി അസംപ്ഷന്‍ എ.യു.പി.എസിനാണ് കിരീടം. 40 പോയന്റാണ് നേടിയത്.
പയമ്പള്ളി സെയ്ന്റ് കാതറിന്‍സ് എച്ച്.എസ്.എസ്. 38 പോയന്റുമായി രണ്ടാം സ്ഥാനവും കുഞ്ഞോം എ.യു.പി.എസ്. 30 പോയന്റുമായി മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 18 ഇനങ്ങളില്‍ ഒരെണ്ണം പൂര്‍ത്തിയാകാന്‍ ബാക്കിനില്‍ക്കെ 85 പോയന്റുമായി മാനന്തവാടി ഉപജില്ല ഒന്നാംസ്ഥാനത്തും 81 പോയന്റുമായി ബത്തേരി ഉപജില്ല രണ്ടാംസ്ഥാനത്തും 79 പോയന്റുമായി വൈത്തിരി ഉപജില്ല മൂന്നാംസ്ഥാനത്തുമാണുള്ളത്.
ഒഴുകിനിറഞ്ഞ് പുരുഷാരം
നാടോടിനൃത്തം, ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി, മാപ്പിളപ്പാട്ട്... വൈവിധ്യങ്ങളുടെ പൂരപ്പറമ്പില്‍ ഒരുനിമിഷംപോലും നഷ്ടപ്പെടുത്താതെ പടിഞ്ഞാറത്തറക്കാര്‍ ആഘോഷിക്കുകയാണ്. വേദിക്കുപുറത്ത് കാണികള്‍ ആസ്വാദനത്തിന്റെ കൊടുമുടി കയറുമ്പോള്‍ വേദികളില്‍ മത്സരത്തിന്റെ പോരുമുറുകുകയായിരുന്നു. പതിവിനുവിപരീതമായി ഇത്തവണ നിറഞ്ഞ സദസ്സിനുമുന്നിലാണ് മത്സരാര്‍ഥികളെല്ലാം അരങ്ങില്‍ നിറഞ്ഞാടിയത്. വേദി ഒന്നിലും രണ്ടിലും ജനം തിങ്ങിനിറഞ്ഞിരുന്നു. മത്സരം കാണാനെത്തുന്ന നാട്ടുകാര്‍ക്ക് കുടിക്കാന്‍ ചൂടുവെള്ളവും കഴിക്കാന്‍ ഉണ്ണിയപ്പവുമെല്ലാം നല്‍കിയാണ് സംഘാടകര്‍ സ്വീകരിച്ചത്.
നേരംവൈകി രണ്ടാംദിനവും
മത്സരങ്ങളുടെ സമയക്രമം താളംതെറ്റിയതോടെ മത്സരാര്‍ഥികളും സംഘാടകരും ഒരുപോലെ കുഴങ്ങി. വ്യാഴാഴ്ച രാവിലെ 9.30-ന് മത്സരങ്ങള്‍ തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരുമണിക്കൂര്‍ വൈകി, മിമിക്രിമത്സരമാണ് ആദ്യം ആരംഭിക്കാനായത്. ഇതിനിടെ മത്സരയിനങ്ങളുടെ വേദികള്‍ മുന്നറിയിപ്പില്ലാതെ മാറ്റിയത് കാണികളെയും മത്സരാര്‍ഥികളെയും ചുറ്റിച്ചു.
ഒന്നും രണ്ടും മൂന്നും വേദികളിലെ മത്സരയിനങ്ങളാണ് മാറ്റിയത്. ചിലയിനങ്ങള്‍ പറഞ്ഞതിലും മൂന്നുമണിക്കൂറിലേറെ വൈകിയാണ് ആരംഭിച്ചത്. വൈകീട്ട് മൂന്നിന് ആരംഭിക്കുമെന്നറിയിച്ച എച്ച്.എസ്. വിഭാഗം ഒപ്പന ആറുമണിയോടെയാണ് ആരംഭിക്കാനായത്. രാത്രിവൈകിയും വേദികളില്‍ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. ബുധനാഴ്ചയും സമയക്രമം പാലിക്കാന്‍ സാധിക്കാതായതോടെ വ്യാഴാഴ്ച പുലര്‍ച്ചവരെ മത്സരങ്ങള്‍ നീണ്ടു.
content highlights: Padinjarathara , Wayanad district youth festival