പടിഞ്ഞാറത്തറ: സോഷ്യൽഫോറസ്റ്ററി വകുപ്പിൽനിന്ന്‌ പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്ത് ശേഖരിച്ച മരത്തൈകൾ ഉപേക്ഷിച്ച നിലയിൽ. ഗ്രാമപ്പഞ്ചായത്തിന്റെ പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡിലുള്ള കടമുറിയിൽ സൂക്ഷിച്ച തൈകളാണ് കടയുടെപിറകിൽ ഉപേക്ഷിച്ചനിലയിൽ കൂട്ടിയിട്ടിരിക്കുന്നത്. ഓഗസ്റ്റിൽ പഞ്ചായത്ത് സോഷ്യൽഫോറസ്റ്ററി നഴ്‌സറിയിൽനിന്ന്‌ ശേഖരിച്ച തൈകളിൽ പകുതിയോളം മാത്രമാണ് വിതരണംചെയ്തതെന്നും ആരോപണമുണ്ട്. ഓണംപ്രമാണിച്ച് പഞ്ചായത്തിന്റെ കടമുറി വാടകയ്ക്ക് നൽകിയപ്പോളാണ് തൈകൾ മാറ്റിയത്.

പരിസ്ഥിതിദിനത്തിൽമാത്രം വനംവകുപ്പ് ജില്ലയിലെ നഴ്‌സറികൾ വഴി മൂന്നുലക്ഷം തൈകൾ വിതരണംചെയ്തിരുന്നു. ഓരോ വർഷവും ജില്ലയിൽ പലതവണയായി നൽകുന്ന ലക്ഷക്കണക്കിന് മരത്തൈകളുടെ പരിപാലനം വിലയിരുത്താൻ സ്ഥിരംസംവിധാനങ്ങളില്ലെന്നും ആക്ഷേപമുണ്ട്.

സന്നദ്ധസംഘടനകൾക്കും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കും ആവശ്യാനുസരണം സൗജന്യമായാണ് മരത്തൈകൾ വിതരണംചെയ്യുന്നത്. ചെറിയതൈ ഒന്നിന് ഏകദേശം എട്ടുരൂപയും വലിയതൈയ്ക്ക് മുപ്പതുരൂപവരെയും വനംവകുപ്പിന് നിർമാണച്ചെലവുണ്ട്. നൂറുകണക്കിന് തൈകൾ നശിക്കുമ്പോൾ ഭീമമായതുകയുടെ നഷ്ടമാണ് സംഭവിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണംതേടിയപ്പോൾ തങ്ങളുടെ പണി ചെയ്യാൻ തങ്ങൾക്കറിയാം എന്ന് പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.പി. നൗഷാദ് പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടാൻ ഗ്രാമപ്പഞ്ചായത്ത് സോഷ്യൽഫോറസ്റ്ററിയിൽനിന്ന്‌ നേരിട്ടെത്തി തൈകൾ ശേഖരിച്ചിരുന്നു എന്നും തൈകൾ നശിപ്പിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എം. രാജീവ് പറഞ്ഞു.