അമ്പലവയൽ: രാജ്യം ഭരിക്കുന്നവർ ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ‌് പി.എ. മുഹമ്മദ് റിയാസ്. അമ്പലവയൽ ജി.വി.എച്ച‌്.എസ്.എസിൽ കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ.) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ തത്ത്വങ്ങൾക്കുനേരേ വലിയ ആക്രമണമാണ് നടക്കുന്നത്. രാജ്യത്തിന് പുറത്തുനിന്നുള്ളവരോ വിഘടനവാദികളോ അല്ല രാജ്യം ഭരിക്കുന്നവരാണ് ഈ ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സ്വയംഭരണസ്ഥാപനങ്ങളെയെല്ലാം ബി.ജെ.പി. സർക്കാർ തകർക്കുകയാണ്. അഴിമതി ഫയലുകൾ പുറത്തെടുത്തതിനാണ് സി.ബി.ഐ. ഡയറക്ടറെ പുറത്താക്കിയത്. റഫാൽ ഇടപാടിൽ പ്രതിരോധമന്ത്രാലയത്തിന് നോട്ടീസ് നൽകിയതടക്കമുള്ള നടപടികളാണ് ഈ ഉന്നതോദ്യോഗസ്ഥനെതിരേ തിരിയാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ‌് പി.ജെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഒ.ആർ. കേളു എം.എൽ.എ. ഗുരുകാരുണ്യ എൻഡോവ്മെന്റ‌് വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ. റഫീഖ്, കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി ബി. സുരേഷ്, സംസ്ഥാനകമ്മിറ്റി അംഗം വി.എ. ദേവകി, എ.കെ.എസ്. ജില്ലാ സെക്രട്ടറി പി. വാസുദേവൻ, കെ.എസ്.ടി.എ. ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ. അശോക് കുമാർ, പി.പി. അനിത തുടങ്ങിയവർ സംസാരിച്ചു.
വൈകുന്നേരം പൊതുസമ്മേളനം സി.കെ. ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ‘ഗോത്ര ബന്ധു’ അധ്യാപകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച തുക പൊതുസമ്മേളനത്തിൽ കൈമാറി.