വെള്ളമുണ്ട : കർഷകനാടിനാകെ പ്രതീക്ഷയുള്ള ഓണക്കാലം. മഴ കഴിഞ്ഞ്‌ ചിങ്ങപ്പുലരിയിൽ വെയിൽ പരക്കുന്നതോടെ എല്ലായിടവും പ്രതീക്ഷകളുടേതായിരുന്നു.

ഓണക്കാലത്ത്‌ അങ്ങനെ പ്രതീക്ഷകൾ നിറയുന്ന ഭൂതകാലമായിരുന്നു മൺപാത്രനിർമാണമേഖലയുടേതും. പരമ്പരാഗതമായി മൺപാത്രം നിർമിച്ച്‌ വിറ്റിരുന്ന കുംഭാരസമുദായക്കാർക്ക് ഈ ഓണം നിരാശയുടേതാണ്‌. ‘‘കഴിഞ്ഞവർഷത്തെ ഓണം കോവിഡ്‌ കൊണ്ടുപോയി. ഇത്തവണയെങ്കിലും മാറ്റം വരുമെന്ന്‌ കരുതിയതാ. ഇതാ ഇപ്പോഴും ദുരിതം തന്നെ’’ -ഓണം, ഉത്രാടത്തിന്‌ തൊട്ടരികിലെത്തിയപ്പോഴും ഉണരാത്ത വിപണിയെക്കുറിച്ചും നഷ്ടങ്ങളെക്കുറിച്ചും പരമ്പരാഗതമായി മൺപാത്രനിർമാണം കുടിൽവ്യവസായമായി ചെയ്യുന്ന കാവുംമന്ദം കുനിയിൽ സ്മിത പറയുന്നു.

നാലുപതിറ്റാണ്ടുകാലത്തെ ഓണംഓർമകൾക്കിടയിൽ അങ്ങേയറ്റം ദുരിതത്തിലാഴ്ന്ന തൊഴിൽജീവിതത്തെക്കുറിച്ചാണ്‌ ഇവർ പറയുന്നത്‌. പടിഞ്ഞാറത്തറ-കല്പറ്റ റോഡരികിൽ കാവുംമന്ദത്തെ വീടിനുമുന്നിൽ ചട്ടികളും കലങ്ങളുമെല്ലാം ദിവസവും നിരത്തിവെക്കുന്നു. എന്നാൽ, ആരും വാങ്ങാനില്ല. ഓണത്തിന്‌ മറ്റുവിപണികളിലെല്ലാം തിരക്ക്‌ തുടങ്ങിയെങ്കിലും മൺപാത്രം ആർക്കും വേണ്ടാ.

പുതിയ ചട്ടിയിലെ ഓണസാമ്പാർ

ഓണത്തിന്‌ പുതിയ ചട്ടിയിൽ സാമ്പാർ വെക്കുക എന്നതായിരുന്നു പഴയ കാലത്തെ പതിവ്. ഇതിനായി വീടുവീടാന്തരം ഓണം വരുമ്പോഴേക്കും തലയിൽ മൺകുടവുമേന്തി കുംഭാരസ്ത്രീകളും പുരുഷൻമാരും എത്തുമായിരുന്നു. ഓരോ വീട്ടുകാരും കരുതിവെച്ച സമ്പാദ്യത്തിന്റെ ഒരു വിഹിതം ഇതിനായി നീക്കിവെക്കുമായിരുന്നു. ആവശ്യമുള്ള ചട്ടിയും കലവും വാങ്ങാത്തവർ കുറവായിരുന്നു. പണ്ടൊക്കെ പണത്തിനുപകരം നെല്ലും അരിയുമെല്ലാം മൺപാത്രങ്ങൾക്ക്‌ പ്രതിഫലമായി നൽകും. വീടുകൾതോറും ഇവർ എത്തുന്നതിനാൽ ഇഷ്ടപ്പെട്ട ചട്ടിയും കലവുമൊക്കെ തിരഞ്ഞെടുക്കാനും കഴിയും. ഓണക്കാലത്തെ ഈ കച്ചവടം ലക്ഷ്യമാക്കി മാസങ്ങൾക്കുമുമ്പേ കുംഭാര കോളനികളിൽ ചൂളകൾ പുകയും. കടം വാങ്ങിയും മറ്റും ഇതിനായുള്ള കളിമണ്ണെല്ലാം ഇവർ സംഭരിച്ചുവെക്കും.

മൺപാത്രങ്ങളുടെ സ്ഥാനമെല്ലാം അലുമിനിയം, സ്റ്റീൽ പാത്രങ്ങൾ അപഹരിക്കാൻ തുടങ്ങിയതോടെയാണ്‌ കുംഭാരൻമാരുടെ അടുപ്പിൽ തീയണയാൻ തുടങ്ങിയത്‌. ഇന്നിപ്പോൾ മൺപാത്രവും ഒാണസാമ്പാറും തമ്മിൽ അത്ര ബന്ധമില്ല. പുതിയ പാത്രത്തിലെ സാമ്പാറും ആർക്കും നിർബന്ധമില്ല. ഈ മാറ്റങ്ങളെല്ലാം ഇവരുടെ കുടുംബത്തിനും പരമ്പരാഗതതൊഴിലിനും മങ്ങലേൽപ്പിച്ചു. എങ്കിലും മൺപാത്രങ്ങളുമായി വീടുവീടാന്തരം കയറുന്ന പതിവുകൾ അവസാനിച്ചിട്ടില്ല. കോവിഡ്‌ കാലത്തിന്‌ മുമ്പുവരെയും ഓണക്കാലത്ത്‌ പ്രതിദിനം ആയിരത്തോളം രൂപയുടെ കച്ചവടം നടന്നിരുന്നു. മഹാമാരി പടർന്നുപിടിച്ചതോടെ ഇതെല്ലാം നിന്നു. ഇപ്പോൾ ഈ നഷ്ടങ്ങളെ താങ്ങാനുള്ള കരുത്തില്ലാതായതായി കുനിയിൽ മണിരാജ്‌ പറയുന്നു.

പുകയാത്ത ചൂളകൾ

പിന്നീട്‌ സാമ്പത്തികസഹായങ്ങളൊന്നും ലഭ്യമായില്ല. ഇപ്പോൾ കുടുംബശ്രീയിൽനിന്നും മറ്റും വായ്പയെടുത്താണ്‌ സംരംഭം നിലനിർത്തുന്നത്‌. മണ്ണ്‌ നിലവാരം കുറഞ്ഞാൽ ചൂളയിൽനിന്ന് മൺപാത്രങ്ങൾ പൊട്ടിപ്പോകുന്നതും സാധാരണയാണ്‌. ഇതിനെയെല്ലാം തരണം ചെയ്യണമെങ്കിൽ കാര്യമായ സഹായങ്ങൾ ലഭിക്കണമെന്ന്‌ ഇവർ പറയുന്നു. വയനാട്ടിൽ 1500-ഓളം കുടുംബങ്ങളാണുണ്ടായിരുന്നത്‌. അതിൽ മൺപാത്രനിർമാണത്തിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നത്‌ നൂറിൽത്താഴെ കുടുംബങ്ങൾ മാത്രമാണ്‌.