സുൽത്താൻബത്തേരി: രാത്രിയാത്രാ നിരോധന കേസിൽ കേന്ദ്രറോഡ് ഗതാഗതമന്ത്രാലയം ഗോണിക്കുപ്പ വഴിയുള്ള ബദൽപ്പാത ദേശീയപാതയാക്കി നിലവിലെ ദേശീയപാത 766 അടയ്ക്കുന്നതിനെ അനുകൂലിച്ച് സത്യവാങ്മൂലം ഫയൽ ചെയ്തത് കേരള സർക്കാരിന്റെ ജാഗ്രതക്കുറവ് മൂലമാണെന്ന് നീലഗിരി-വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റി.
ഗതാഗത മന്ത്രാലയവുമായി ചർച്ച ചെയ്ത് സത്യവാങ്മൂലം കേരളത്തിന് അനുകൂലമാക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ല. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിയോഗിക്കുമെന്നു പറയുന്ന കമ്മിറ്റിയെ നിയോഗിക്കാനോ, കർണാടകയുമായി ചർച്ച നടത്താനോ കേരള ഗവൺമെന്റ് യാതൊന്നും ചെയ്യുന്നില്ല.
നിയമസഭ പാസാക്കിയ പ്രമേയംപോലും സുപ്രീംകോടതിയിൽ ഹാജരാക്കാനായില്ല. സുപ്രീംകോടതിയിൽ ബദൽപാത അംഗീകരിക്കില്ലെന്നോ, നിലവിലെ പാത പൂർണമായും തുറക്കണമെന്നോ കേരള സർക്കാരിന് വേണ്ടി വാദിക്കാൻ ആളുണ്ടായില്ല. ടി.എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, പി. വേണുഗോപാൽ, പി.വൈ. മത്തായി, ജോസ് കപ്യാർമല, ജേക്കബ് ബത്തേരി, സി. അബ്ദുൾ റസാഖ്, തുടങ്ങിയവർ സംസാരിച്ചു.