സുൽത്താൻബത്തേരി: കോഴിക്കോട്-കൊല്ലഗൽ 766 ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം മറികടക്കാൻ ബദൽപ്പാത എന്ന ആശയത്തെ പിന്തുണച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വയനാടിന്റെ പ്രതീക്ഷകൾക്ക് വെല്ലുവിളിയാവുമെന്ന് ആശങ്ക. രാത്രിയാത്രാ നിരോധന കേസിൽ, ബന്ദിപ്പുർ വഴിയുള്ള ദേശീയപാതയ്ക്ക് ബദൽപാതയായി കുട്ട-ഗോണിക്കുപ്പ റോഡിനെ പരിഗണിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര പരിസ്ഥിതി, ഉപരിതല ഗതാഗത മന്ത്രാലയങ്ങളോട് അഭിപ്രായം തേടിയതിന് പിന്നാലെ വയനാട്ടിലും കർണാടക അതിർത്തി ഗ്രാമങ്ങളിലും വലിയ ജനകീയ പ്രക്ഷോഭങ്ങൾ ആരംഭിച്ചിരുന്നു. കോടതിയിൽ നിർദേശിക്കപ്പെട്ട കുട്ട-ഗോണിക്കുപ്പ റോഡ് ദേശീയപാതയ്ക്ക് ബദലല്ലെന്നും ദേശീയപാതയിലെ യാത്രാ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ജനകീയ പ്രക്ഷോഭങ്ങൾ. ഇതിന്റെ ഭാഗമായി ദേശീയപാത ഗതാഗത സംരക്ഷണ കർമസമിതി ഭാരവാഹികൾ, ബി.ജെ.പി. നേതാക്കൾ, സർവകക്ഷി സംഘം, കേരളമുഖ്യമന്ത്രി തുടങ്ങിയവർ കേന്ദ്രമന്ത്രിമാരെ സമീപിച്ചപ്പോൾ അനുകൂലമായാണ് പ്രതികരിച്ചിരുന്നത്.
ദേശീയപാത 766-ന് ബദൽ ഇല്ലെന്നും ഈ പാതയിലെ യാത്രാ നിരോധനം പിൻവലിക്കണമെന്നും കഴിഞ്ഞ ആഴ്ച കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു. കാര്യങ്ങളെല്ലാം അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ബദൽപ്പാത എന്ന നിർദേശം അംഗീകരിച്ചുകൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിലപാട് സ്വീകരിച്ചത്. കുട്ട-ഗോണിക്കുപ്പ റോഡ് ദേശീയപാതയുടെ നിലവാരത്തിലേക്ക് ഉയർത്തി, ബദൽപ്പാതയായി ഉപയോഗിക്കാനാവുന്നതാണെന്ന് ദേശീയപാത അതോറിറ്റി ചീഫ് എൻജിനിയറാണ് കഴിഞ്ഞ ദിവസം സത്യവാങ് മൂലം സമർപ്പിച്ചത്. ഇതിനായി തലശ്ശേരി-ബാവലി റോഡ്, കാട്ടിക്കുളം, തോൽപ്പെട്ടി എന്നീ ജില്ലാ റോഡുകളെ സംസ്ഥാന പാതകളായി ഉയർത്തണം. ഇതിനാവശ്യമായ ഭൂമി കേരള, കർണാടക സംസ്ഥാന സർക്കാരുകൾ ഏറ്റെടുത്ത് ബദൽപ്പാത നിർമിക്കാൻ കഴിയുമെന്നാണ് സത്യവാങ് മൂലത്തിൽ പറയുന്നത്. വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി, വീണ്ടും കേസ് പരിഗണിക്കുന്നതിനായി ആറാഴ്ചത്തേക്ക് നീട്ടിവെച്ചു. കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ അഭിപ്രായം രേഖപ്പെടുത്താൻ കേസിലെ മറ്റുകക്ഷികൾക്ക് സമയം നൽകുന്നതിനാണിത്.
ആശങ്കവേണ്ട
ബന്ദിപ്പുർ വഴിയുള്ള ദേശീയപാതയ്ക്ക് ബദലായി കുട്ട-ഗോണിക്കുപ്പ റോഡ് ഉപയോഗിക്കാനാവുന്നതാണെന്ന് കേന്ദ്രം സത്യവാങ് മൂലം നൽകിയതിൽ ആശങ്കപ്പെടേണ്ടതില്ല. ദേശീയപാതയ്ക്ക് ബദൽപ്പാതയില്ലെന്ന് പ്രമേയം പാസാക്കിയ നിയമസഭയുടെ തീരുമാനം പിന്തുടർന്ന്, കേന്ദ്രത്തിന്റെ അഭിപ്രായത്തിനെതിരേ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാനാകും. സുപ്രീം കോടതി അനുവദിച്ച ആറാഴ്ചത്തെ സാവകാശം ഉപയോഗപ്പെടുത്തി, നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് സത്യവാങ്മൂലം നൽകാനാവും. ഇതിനാവശ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
-സുരേഷ് താളൂർ (ദേശീയപാത ഗതാഗത സംരക്ഷണ സമിതി കൺവീനർ)