സുൽത്താൻബത്തേരി: സർവജന ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ രണ്ടുകോടി രൂപ ചെലവിൽ പുതിയകെട്ടിടം നിർമിക്കുന്നതിനായി ഭരണാനുമതി ലഭിച്ചു. ഷഹ്‍ല ഷെറിനെ പാമ്പുകടിച്ച ക്ലാസ് മുറിയുൾപ്പെടുന്ന പഴയകെട്ടിടം പൊളിച്ചുനീക്കിയാണ്, പുതിയ കെട്ടിടം നിർമിക്കുക. കെട്ടിടം നിർമിക്കാനുള്ള പ്ലാനും വിശദമായ എസ്റ്റിമേറ്റും നഗരസഭാ എൻജിനിയറിങ് വിഭാഗം വിദ്യാഭ്യാസ മന്ത്രിക്കും എൽ.എസ്.ജി.ഡി. ചീഫ് എൻജിനിയർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും തിങ്കളാഴ്ചയാണ് സമർപ്പിച്ചത്.
10000 ചതുരശ്ര അടിയിൽ, മൂന്ന് നിലകളിലായി 12 ക്ലാസ് മുറികളും 20 ശുചിമുറികളും ഉൾപ്പെടുന്നതാണ് കെട്ടിടത്തിന്റെ പ്ലാൻ. അടുത്ത ഘട്ടമായ സാങ്കേതികാനുമതി ലഭിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും, അനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും ആറ് മാസത്തിനുള്ളിൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നും നഗരസഭാ ചെയർമാൻ ടി.എൽ. സാബു പറഞ്ഞു.
ഷഹ്‍ലയുടൈ മരണവുമായി ബന്ധപ്പെട്ട് സ്കൂൾ സന്ദർശിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ച രണ്ടുകോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. സർവജന സ്കൂളും പരിസരവും തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ബുധനാഴ്ച ശുചീകരിച്ചു. പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂളിന് പുറത്തും ശുചീകരണം നടത്തി. കോ-ഓർഡിനേറ്റർമാരായ പി.കെ. സത്താർ, റിനു ജോൺ, നവാസ് തനിമ തുടങ്ങിയവർ നേതൃത്വം നൽകി.