വടുവൻചാൽ: പ്രളയാനന്തര ശുചീകരണത്തിന്റെ ഭാഗമായി മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് ശേഖരിച്ച മാലിന്യങ്ങൾ ആശുപത്രിവളപ്പിൽ കുഴിച്ചുമൂടി. വടുവൻചാൽ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ലാബിന് പിറകിലാണ് മാലിന്യംകുഴിച്ചിട്ടത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവെക്കുന്ന സംഭവം നടന്നതിന്റെ പിറ്റേന്നാണ് ആരോഗ്യവകുപ്പ് ജീവനക്കാർ അറിഞ്ഞത്. ശേഖരിച്ചവയിൽ ബാക്കിവന്നവ പുതിയപാടിയിലും അരപ്പറ്റയിലും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്.

കുഴിച്ചുമൂടിയത് ടൗണിലെ മാലിന്യം

കോളറയടക്കമുളള രോഗങ്ങൾ റിപ്പോർട്ടുചെയ്ത പഞ്ചായത്താണ് മൂപ്പൈനാട്. പ്രളയാനന്തരം വീടുകളും പൊതുഇടങ്ങളും മാലിന്യമുക്തമാക്കുന്നതിനായി ശേഖരിച്ച മാലിന്യങ്ങളാണ് ആശുപത്രിപരിസരത്ത് തളളിയത്. രണ്ടാഴ്ചയായി മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിന് മുൻവശത്ത് കൂട്ടിയിട്ടിരുന്ന മാലിന്യമാണിവ. കഴിഞ്ഞദിവസം വൈകീട്ടാണ് പ്രാഥമികാരോഗ്യകേന്ദ്രം ലാബിന് പിറകുവശത്ത് കുഴികുത്തിമൂടിയത്. പ്ലാസ്റ്റിക്കടക്കമുളള അജൈവമാലിന്യമാണ് കുഴിച്ചിട്ടത്. ടൗണിൽനിന്ന് ശേഖരിച്ച മാലിന്യമുൾപ്പടെ ഇക്കൂട്ടത്തിലൂണ്ടായിരുന്നെന്ന് വ്യാപാരികൾ പറഞ്ഞു. ഓണച്ചന്ത നടത്തുന്നതിനായി സ്ഥലംവൃത്തിയാക്കിയപ്പോഴാണ് മാലിന്യം ടൗണിൽനിന്ന് നീക്കിയത്. ആദ്യം ഊട്ടിറോഡിലെ ചെക്‌പോസ്റ്റിനടുത്തുളള മാവേലിസ്‌റ്റോറിന് മുൻവശത്ത് കുഴിച്ചിടാൻ ശ്രമിച്ചു. ഇത് നാട്ടുകാർ തടഞ്ഞു. പിന്നീടാണ് ആശുപത്രിവളപ്പിൽ മാലിന്യം ഉപേക്ഷിച്ചത്.

ദിവസവും നൂറോളം രോഗികളെത്തുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിന് തൊട്ടടുത്താണ് മാലിന്യം കുഴിച്ചുമൂടിയത്. കുടുംബക്ഷേമകേന്ദ്രം, മെഡിക്കൽലാബ് എന്നിവയെല്ലാം ഇവിടെയാണ്. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് ജീവനക്കാരോ അധികൃതരോ അറിഞ്ഞിട്ടില്ല. സംഭവം നടന്നതിന്റെ പിറ്റേന്നാണ് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ അറിയുന്നത്. ഇത് ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് ചെയ്തതായും ഇവർ പറഞ്ഞു.

പുതിയപാടിയിലെ മാലിന്യം

ചോലാടിമുതൽ നെടുങ്കരണവരെ പഞ്ചായത്ത് ശേഖരിച്ച മാലിന്യം പുതിയപാടിയിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇത് നാട്ടുകാർക്ക് വിനയായി. ലോഡുകണക്കിന് മാലിന്യമാണ് റോഡരികിൽ അലക്ഷ്യമായി ഇട്ടിരിക്കുന്നത്. നാലുപേർക്ക് കോളറ പിടിപെട്ട നെടുങ്കരണയ്‌ക്ക് സമീപമാണ് മാലിന്യക്കൂമ്പാരമുളളത്. രണ്ടാഴ്ചയായി പെയ്യുന്ന മഴയിൽ മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് പ്രദേശമാകെ വ്യാപിക്കുകയാണ്. വീടുകളിൽനിന്ന് ശേഖരിച്ച എല്ലാത്തരം മാലിന്യവും ഇക്കൂട്ടത്തിലുണ്ട്. ഇതിന് തൊട്ടടുത്തുളള അഞ്ചാംനമ്പർ, കടലാട് പ്രദേശവാസികളാണ് ആശങ്കയിൽ കഴിയുന്നത്. മാലിന്യക്കൂമ്പാരത്തിനടുത്തു നിന്നുളള വെളളം ഈ പ്രദേശത്തെ കുടിവെളളസ്രോതസ്സുകളിൽ എത്തുന്നുവെന്ന് പ്രദേശവാസിയായ കാബൂസ് പറഞ്ഞു. കോഴിക്കോട്-ഊട്ടി പാതയോരത്ത് കൂട്ടിയിരിക്കുന്ന മാലിന്യം യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പ്രളയാനന്തരം ജലജന്യരോഗങ്ങൾ പിടിമുറുക്കുന്ന സാഹചര്യത്തിൽ മാലിന്യം എത്രയുംവേഗം നീക്കംചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

രോഗങ്ങളെ ക്ഷണിച്ചുവരുത്തും

ആരോഗ്യസുരക്ഷയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവർതന്നെയാണ് ഇതിനുപിന്നിൽ. കോളറയടക്കമുളള മാരകരോഗങ്ങൾ വന്നിട്ടും പഞ്ചായത്ത് അലംഭാവം കാണിക്കുകയാണ്. പൊതുജനാരോഗ്യംവെച്ച് പന്താടുകയാണ്. ആശുപത്രിവളപ്പിലെ മാലിന്യം എത്രയുംവേഗം നീക്കംചെയ്യണം. അല്ലെങ്കിൽ പ്രക്ഷോഭമാരംഭിക്കും.

എ.എം. പ്രവീൺ, പൊതുപ്രവർത്തകൻ

ആരോഗ്യപ്രശ്‌നങ്ങളില്ല

ആശുപത്രിപരിസരത്ത് മുമ്പുണ്ടായിരുന്ന കുഴിയിൽ തരംതിരിച്ച മാലിന്യങ്ങളാണ് നിക്ഷേപിച്ചത്. ഇവ മണ്ണിൽ അലിയുന്നവയാണ്. ശേഷിക്കുന്ന മാലിന്യങ്ങൾ കൊണ്ടുപോകുന്നതിന് കരാർ നൽകിയിട്ടുണ്ട്. ഉടൻതന്നെ നീക്കംചെയ്യും.

യഹ്യാഖാൻ തലക്കൽ, സ്ഥിരംസമിതി അധ്യക്ഷൻ, മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത്

content highlights: Moopainad Panchayath waste