സുൽത്താൻബത്തേരി: അന്തിയുറങ്ങാനുള്ള കേന്ദ്രം നഗരസഭ പൂട്ടിയതോടെ കുറെക്കാലമായി ബത്തേരിയിലെ മറുനാടൻ തൊഴിലാളികൾക്ക് രാത്രികളിൽ കടത്തിണ്ണയാണ് ഏക ആശ്രയം.

പുതുക്കിപ്പണിയാനെന്ന പേരിൽ ഒരു വർഷം മുമ്പാണ് ഇതരസംസ്ഥാന തൊഴിലാളികൾക്കുള്ള നൈറ്റ് ഷെൽട്ടർ ക്യാമ്പ് നഗരസഭാ അധികൃതർ പൂട്ടിയത്. എന്നാൽ നാളിതുവരെയായിട്ടും കെട്ടിടം പുതുക്കിപ്പണിയുന്നതിനോ തൊഴിലാളികൾക്ക് തുറന്നുകൊടുക്കുന്നതിനോ നടപടിയായിട്ടില്ല. ചുങ്കത്തെ പുതിയ ബസ് സ്റ്റാൻഡിന് പിന്നിലാണ് തൊഴിലാളികൾക്കുള്ള നൈറ്റ് ഷെൽട്ടർ ക്യാമ്പ്.

2006-ൽ റോട്ടറി ക്ലബ്ബും അന്നത്തെ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും സഹകരിച്ചാണ് നൈറ്റ് ഷെൽട്ടർ ക്യാമ്പ് ഒരുക്കിയത്. രാത്രി അന്തിയുറങ്ങുന്നതിനും ശൗചാലയവുമുൾപ്പെടെയുള്ള സൗകര്യങ്ങളുമാണ് ഇവിടെയുണ്ടായിരുന്നത്. ഇരുസംസ്ഥാനങ്ങളോട് അതിർത്തി പങ്കിടുന്ന ഇവിടെ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നുമുള്ള നിരവധി തൊഴിലാളികൾക്ക് ഈ ക്യാമ്പ് ഏറെ ആശ്വാസകരമായിരുന്നു. കാറ്റും മഴയുമേറ്റ് കടവരാന്തകളിൽ അന്തിയുറങ്ങുന്ന തൊഴിലാളികൾക്ക് ശൗചാലയസൗകര്യങ്ങളില്ല.

നൈറ്റ് ഷെൽട്ടർ ക്യാമ്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് ചുറ്റുപാടും കാടുകയറി മൂടിയിരിക്കുകയാണ്. രാത്രിയിൽ ഇവിടം സമൂഹവിരുദ്ധരുടെ താവളമായി മാറിയെന്ന് പരാതിയുണ്ട്. കെട്ടിടം ഉടൻ പുതിക്കുപ്പണിത് തൊഴിലാളികൾക്കായി തുറന്നുകൊടുക്കണമെന്നാണ് ആവശ്യം.

പുതിയ ഷെൽട്ടർഹോം നിർമിക്കും

കേന്ദ്രസർക്കാരിന്റെ നഗര ഉപജീവന മിഷൻ പദ്ധതി പ്രകാരം ഇതരസംസ്ഥാന തൊഴിലാളികൾക്കായി പുതിയ ഷെൽട്ടർ ഹോം നിർമിക്കും. ചുങ്കത്തെ ബസ് സ്റ്റാൻഡിന് സമീപം സ്ഥലം കണ്ടെത്തി മൂന്ന് നിലകളിലായുള്ള ഡോർമെറ്ററി സൗകര്യമൊരുക്കാനാണ് നഗരസഭാ ഭരണസമിതിയുടെ തീരുമാനം. ഇതിനുവേണ്ട ഫണ്ടിനുള്ള ശുപാർശ സമർപ്പിച്ചിട്ടുണ്ട്.

ടി.എൽ. സാബു

ബത്തേരി നഗരസഭാ ചെയർമാൻ