മാനന്തവാടി: രണ്ടുവർഷം മുമ്പുവരെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. ആഘോഷങ്ങളിലെല്ലാം ഞങ്ങൾ ഒരുമിച്ചായിരുന്നു. ഇപ്പോഴും എല്ലാവരും ഒരുമിച്ചാണ്. പക്ഷേ, സന്തോഷമില്ല. തലപ്പുഴ ചുങ്കം സെയ്ന്റ് തോമസ് പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവർ പറഞ്ഞു. ബോയ്‌സ് ടൗൺ പ്രിയദർശിനി കോളനിയിലുള്ളവർക്ക് ഈ വർഷവും ഓണം ദുരിതാശ്വാസ ക്യാമ്പിലാണ്. വീടും സ്ഥലവുമെല്ലാം അവിടെത്തന്നെയുണ്ടെങ്കിലും രണ്ടു വർഷമായി ഇവിടെയുള്ളവർക്ക് വീട്ടിൽ ഓണം ആഘോഷിക്കാനുള്ള ഭാഗ്യമില്ല. സ്വന്തം വീട്ടിൽനിന്ന് ജീവൻമാത്രം കൈയിൽ പിടിച്ച് ഇവർ ക്യാമ്പിലെത്തിയിട്ട് 30 ദിവസമായി.

തലപ്പുഴ ചുങ്കത്തെ സെയ്ന്റ് തോമസ് പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവരുടെ ഇത്തവണത്തെ ഓണം. 19 കുടുംബങ്ങളിലായി നാൽപതോളം പേരാണ് ക്യാമ്പിലുള്ളത്. കഴിഞ്ഞ വർഷം ഓണനാളിൽ ബോയ്‌സ് ടൗണിലെ ഡബ്ല്യു.എസ്.എസ്. ട്രെയിനിങ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ഇവർ. ജീവിതത്തിൽ അധ്വാനിച്ച് നേടിയതൊക്കെയും നഷ്ടമായി. ഒരു ഓർമപ്പെടുത്തൽ എന്നോണം വിണ്ടുകീറി നിൽക്കുന്ന കുറച്ച് വീടുകൾ മാത്രമുണ്ട് പ്രിയദർശിനി കോളനിയിൽ.

വീടുകളിൽ ആരുമില്ല. എല്ലാവരും ക്യാമ്പിൽ. അപകടഭീഷണിയുള്ളതിനാൽ വീടുകളിലൊന്നും താമസിക്കാൻ കഴിയില്ല. വീടും സ്ഥലവും അവിടെ ഉണ്ടായിട്ടാണ് ഞങ്ങൾ ഇവിടെ കഴിയുന്നത്. എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു താഴ്ന്നുപോകാമെന്ന അവസ്ഥയിലാണ് വീടു നിൽക്കുന്നിടം. വീടിനകത്ത് കയറാൻ പോലും സാധിക്കില്ല. റോഡിൽനിന്ന് നോക്കിയാൽ വിണ്ടുകീറിയ വീട് കാണാം- ക്യാമ്പിൽ കഴിയുന്ന അത്തിക്കാപറമ്പ് പാത്തു പറഞ്ഞു. പാത്തുവിന്റേത് മാത്രമല്ല ക്യാമ്പിൽ കഴിയുന്ന ഭൂരിഭാഗം പേരുടെയും വീടുകൾ ഇങ്ങനെയാണ്. സമ്പാദിച്ചതൊക്കെയും നഷ്ടപ്പെട്ടതിന്റെ കഥകൾ ക്യാമ്പിലെ എല്ലാവർക്കുമുണ്ട്.

മനസ്സ് ഇവിടെയൊന്നുമല്ല പിന്നെന്ത് ആഘോഷം

പഞ്ചായത്തിന്റെയും മറ്റും ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തെങ്കിലും അതൊന്നും പൂർണമനസ്സോടെയല്ലെന്ന് ക്യാമ്പിലെ അന്തേവാസിയായ ചേരിയിൽ ഖമറുന്നീസ പറഞ്ഞു. ഖമറുന്നീസയുടെ മാതാപിതാക്കൾ ഹൃദ്രോഗബാധിതരായത് കാരണം സഹോദരി നസീമയുടെ വീട്ടിലാണ് കഴിയുന്നത്. ബൈപ്പാസ് സർജറികഴിഞ്ഞ ഉപ്പ ആലിക്ക്‌ ഓക്സിജൻ സിലിൻഡറിന്റെ സഹായവും വേണം. ഉമ്മ നബീസയും ആൻജിയോപ്ലാസ്റ്റി കഴിഞ്ഞിരിക്കുകയാണ്. ഖമറുന്നീസയുടെ ഭർത്താവ് സുബൈറിന്റെ ഉമ്മ പാത്തുമ്മയും രോഗബാധിതയാണ്.

അവശതകൾ കാരണം ഇവരൊന്നും ക്യാമ്പിലില്ല. ഖമറുന്നീസയും സുബൈറും മാത്രമാണ് ക്യാമ്പിലുള്ളത്. സഹോദരിയുടെ വീട്ടിൽനിന്നാണ് മക്കൾ സ്കൂളിൽ പോകുന്നത്. ഒരുമിച്ചുകഴിഞ്ഞ എല്ലാവരും പ്രളയം കാരണം പലയിടങ്ങളിലായി, ഇത്രയും പ്രശ്നങ്ങളുള്ളപ്പോൾ എങ്ങനെയാണ് സന്തോഷിക്കുകയെന്നാണ് ഖമറുന്നീസ ചോദിക്കുന്നത്. കൂലിപ്പണിയാണ് സുബൈറിന്. ഇതാണ് കുടുംബത്തിന്റെ ഏക വരുമാനമാർഗവും. ശാരീരിക അവശതകളുള്ളവരും ക്യാമ്പിൽ കഴിയുന്നുണ്ട്. ആഘോഷങ്ങൾ ഒന്നുമില്ലെങ്കിലും ഓണനാളിൽ ഒരു ഒത്തുകൂടൽ ഇത്തവണയും ക്യാമ്പിലുണ്ട്.