മാനന്തവാടി: നൂറ് ശതമാനം മുതൽ അറുനൂറ് ശതമാനംവരെ കെട്ടിടനികുതി വർധിപ്പിച്ച മാനന്തവാടി നഗരസഭയുടെ തീരുമാനം പിൻവലിക്കണമെന്ന് യു.ഡി.എഫ്. കൗൺസിലർമാർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാനന്തവാടി ഗ്രാമപ്പഞ്ചായത്ത് ആയിരുന്നപ്പോൾ വീടുകളുടെ നികുതി സ്ക്വയർ മീറ്ററിന് അഞ്ച് രൂപയായിരുന്നു. നഗരസഭയായപ്പോൾ കെട്ടിടനികുതി പരിഷ്കരണത്തിൽ ചതുരശ്ര മീറ്ററിന് അഞ്ച് രൂപ മുതൽ പതിനഞ്ച് രൂപ വരെ ഉയർത്താമെന്നും തീരുമാനമെടുക്കേണ്ടത് നഗരസഭയാണെന്നുമുള്ള സർക്കാർ നിർദേശത്തെ തുടർന്ന് സ്ക്വയർ മീറ്ററിന് ആറ് രൂപ നിരക്കിൽ ഈടാക്കാനുള്ള തീരുമാനം യു.ഡി.എഫ്. കൗൺസിലർമാർ അംഗീകരിച്ചിരുന്നു.
എന്നാൽ ഭരണസമിതി ഏകപക്ഷീയമായി സ്ക്വയർ മീറ്ററിന് 10 രൂപയായി വർധിപ്പിക്കുകയാണ് ചെയ്തത്. ജനവാസ കെട്ടിടങ്ങൾക്ക് വീടുകൾക്ക് ഈടാക്കുന്ന തുക മാത്രമേ നികുതിയായി സ്വീകരിക്കാൻ പാടുള്ളൂ എന്ന നിയമം ഉള്ളപ്പോൾ ഒരു സ്ക്വയർ മീറ്ററിന് 60 രൂപയായാണ് ഉയർത്തിയത്. കെട്ടിട നികുതിയിൽ വൻവർധന വരുത്തി മുൻകാല പ്രാബല്യത്തോടെ സാധാരണക്കാരിൽനിന്നa ഈടാക്കുകയാണ്. 660 സ്ക്വയർ ഫീറ്റുള്ള വീടുകൾക്ക് നികുതി വേണ്ട എന്നാണ് സർക്കാർ തീരുമാനമെങ്കിലും അതും നഗരസഭ നടപ്പാക്കുന്നില്ല. മുമ്പ് സുൽത്താൻബത്തേരി നഗരസഭയുടെ എംബ്ലം വെച്ച് മാനന്തവാടി നഗരസഭയുടെ നമ്പർ പ്ലേറ്റ് അടിക്കുകയും കെട്ടിടങ്ങളിൽ സ്ഥാപിക്കുകയും ചെയ്തിരുന്നു. പിന്നീട് എംബ്ലം മാറ്റിയ വകയിൽ ലക്ഷക്കണക്കിന് രൂപയാണ് നഷ്ടം ഉണ്ടായത്. ഇതിന് ഉത്തരവാദികളായവർക്കുനേരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും ഉണ്ടായില്ല. ഇതിന് പുറമെ മത്സ്യമാംസ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കാത്തതിനാലും ബസ്‌സ്റ്റാൻഡിലെ 38 മുറികൾ വാടകയ്ക്ക് കൊടുക്കാത്തതിനാലും നഗരസഭയ്ക്ക് ഒരു കോടിയോളം രൂപയാണ് നഷ്ടമുണ്ടായതെന്നും യു.ഡി.എഫ്. ആരോപിച്ചു. ജേക്കബ് സെബാസ്റ്റ്യൻ, ബി.ഡി. അരുൺകുമാർ, ഷീജ ഫ്രാൻസിസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.