മാനന്തവാടി: ജില്ലയിൽ രണ്ടുപേർക്ക് കൂടി കുരങ്ങുപനി (ക്യാസനോർ ഫോറസ്റ്റ് ഡിസീസ്) സ്ഥിരീകരിച്ചു. അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലെ ചേലൂർ രണ്ടാംഗേറ്റിലെ അറുപത്തിരണ്ടുകാരനും നാൽപ്പത്തേഴുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അസുഖം ഭേദമായതിനെത്തുടർന്ന് അറുപത്തിരണ്ടുകാരൻ വീട്ടിലേക്ക് മടങ്ങി. ഡിസംബർ 31-ന് ചേലൂർ സ്വദേശിനിയായ ഇരുപത്തെട്ടുകാരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ വീടിന് സമീപത്ത് കുരങ്ങിനെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നവംബർ മുതൽ ഇതുവരെ അഞ്ചു കുരങ്ങുകളെ ചത്തനിലയിൽ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. 2019-ൽ ജില്ലയിൽ എട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബാധിച്ചത്. ഇരുവരും ബൈരക്കുപ്പയിൽ പണിക്കു പോയവരായിരുന്നു. 11 പേർ രോഗലക്ഷണങ്ങളോടെയും ചികിത്സ തേടി. രണ്ടുപേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. 2019 ജനുവരിയിലും അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് പരിധിയിലെ രണ്ടുപേർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.
പനി പരിശോധയും, പ്രതിരോധപ്രവർത്തനങ്ങളും
രണ്ടുപേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അധികൃതർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. വീടുകയറിയുള്ള ബോധവത്കരണവും പനി പരിശോധനയുമാണ് ഇപ്പോൾ നടക്കുന്നത്. പനിബാധിച്ചവരെ ആശുപത്രിയിലേക്ക് റഫർ ചെയ്യും. കൂടാതെ വനത്തിലും മറ്റും പോകുന്നവർക്ക് ചെള്ളുകടി ഏൽക്കാതിരിക്കാനുള്ള ലേപനങ്ങൾ, പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയവയും നൽകുന്നുണ്ട്. കൂടാതെ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ ആശുപത്രികളിലും കുരങ്ങുപനിക്കെതിരേയുള്ള വാക്‌സിൻ ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
രോഗലക്ഷണങ്ങൾ
വിറയലോട് കൂടിയ പനി, തലവേദന, വയറിളക്കം, ഛർദി, കഴുത്ത് വേദന, കണ്ണിന് ചുവപ്പ് നിറം തുടങ്ങിയവയാണ് കുരങ്ങുപനിയുടെ ലക്ഷണം. ഈ ലക്ഷണങ്ങൾ ഉള്ള എല്ലാവർക്കും കുരങ്ങ് പനി ഉണ്ടാവണമെന്നില്ല. എന്നിരുന്നാലും രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ചികിത്സ തേടണമെന്നും, സ്വയംചികിത്സ പാടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
മുൻ കരുതലെടുക്കാം
*വനത്തിനുള്ളിൽ പോകുമ്പോൾ കട്ടിയുള്ള, ഇളം നിറമുള്ള, ദേഹം മുഴുവൻ മുടുന്നതരത്തിലുള്ള വസ്ത്രം ധരിക്കുക. കാലുകളിലൂടെ ചെള്ള് കയറാത്ത വിധത്തിൽ ഗൺബൂട്ട് ധരിക്കുക.
*ചെള്ളിനെ അകറ്റി നിർത്തുന്ന ഒഡോമസ്, ബിബി എമൽഷൻ പോലുള്ള ലേപനങ്ങൾ ശരീരത്തിൽ പുരട്ടുക
*വനത്തിൽ പോയിട്ടുള്ളവർ തിരിച്ചു വന്ന ഉടൻ വസ്ത്രങ്ങളും, ശരീരവും പരിശോധിച്ച് ചെള്ളില്ലെന്ന് ഉറപ്പ് വരുത്തുക.
*ശരീരത്തിൽ ചെള്ള് കയറിയാൽ ചെള്ളിനെ നീക്കംചെയ്ത ശേഷം കടിയേറ്റ ഭാഗവും കൈകളും സോപ്പുപയോഗിച്ച് കഴുകുക.