മാനന്തവാടി: മലയോര ഹൈവേ കടന്നുപോകാത്ത മാനന്തവാടി ടൗണിലെ പ്രധാന റോഡുകളുടെ നവീകരണ നടപടികൾ തുടങ്ങി. തലശ്ശേരി റോഡിനെയും മൈസൂരു റോഡിനെയും ബന്ധിപ്പിക്കുന്ന അംബേദ്കർ റോഡ്, കെ.ടി. ജങ്ഷൻ മുതൽ താഴയങ്ങാടി വരെയുള്ള റോഡ്, ജോസ് തിയേറ്റർ ജങ്ഷൻ മുതൽ എൽ.എഫ്. ജങ്ഷൻ വരെയുമുള്ള റോഡ് എന്നിവയാണ് നവീകരിക്കുന്നത്. ടൗൺറോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി രണ്ടുകോടി പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡുകൾ നവീകരിക്കുന്നത്. തലശ്ശേരി റോഡിനെയും മൈസൂരു റോഡിനെയും ബന്ധിപ്പിക്കുന്ന അംബേദ്കർ റോഡ് വീതികൂട്ടി ടു വേ ആക്കുന്ന തരത്തിലാണ് പ്രവൃത്തിയെന്ന് മാനന്തവാടി നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.ടി. ബിജു പറഞ്ഞു. മറ്റു രണ്ടു റോഡുകളുടെയും വീതി കൂട്ടും. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച അളവെടുത്തു. അംബേദ്കർ റോഡിന്റെ വീതി കൂട്ടുന്നതിനാവശ്യമായ ഭൂമി ലഭ്യമാക്കുന്നതിന് പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എൻജിനിയർ ഷിബു കൃഷ്ണരാജ്, മാനന്തവാടി നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ പി.ടി. ബിജു, കടവത്ത് മുഹമ്മദ്, കൗൺസിലർ റഷീദ് പടയൻ എന്നിവരുടെ നേതൃത്വത്തിൽ ഭൂവുടമകളുമായി ചർച്ച നടത്തി.