മാനന്തവാടി: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്‌ (ഡി.ടി.പി.സി.) കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇനി ക്യാമറകൾ. ജില്ലയിൽ ഇടയ്ക്കിടെ മാവോവാദി സാന്നിധ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലാണിത്. പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റ്, കുറുവ ദ്വീപ്, കർളാട് തടാകം, കാന്തൻപാറ എന്നിവിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കാൻ തുടങ്ങിയത്.

പൂക്കോട്ട് നേരത്തേതന്നെ ക്യാമറകൾ സ്ഥാപിച്ചിരുന്നു. പ്രിയദർശിനിയിൽ ഒമ്പത് ക്യാമറകൾ സ്ഥാപിക്കാനായി 1,83,750 രൂപയും കുറുവയിൽ 13 ക്യാമറകൾക്കായി 6,12,500 രൂപയും 27 ക്യാമറകൾ സ്ഥാപിക്കുന്ന കർളാടിന് 7,96,250, കാന്തൻപാറയിൽ എട്ട് ക്യാമറകൾക്ക് 4,28,750 രൂപ ഉൾപ്പെടെ 20,21,250 രൂപയാണ് ഡി.ടി.പി.സി. ചെലവഴിക്കുന്നത്. ജില്ലാ നിർമിതികേന്ദ്രമാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. പോലീസിന്റെ നിർദേശപ്രകാരമാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ഈ മാസം അവസാനത്തോടെ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യം.

വനമേഖലയോടുചേർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാവോവാദി സാന്നിധ്യം സ്ഥിരമായി ഉണ്ടാകുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ ഡി.ടി.പി.സി. തീരുമാനിച്ചത്.