അമ്പലവയൽ: പുറംലോകവുമായി ബന്ധപ്പെടാൻ വാഹനമെത്താതെ ദുരിതത്തിലായിരിക്കുകയാണ് പാമ്പള നിവാസികൾ. ഏക യാത്രാമാർഗമായ താളൂർ-വടുവൻചാൽ റോഡ് തകർന്നതാണ് ഇവരെ വലയ്ക്കുന്നത്. പ്രളയത്തിൽ തകർന്നറോഡിൽ ഒരു വർഷമായിട്ടും അറ്റകുറ്റപ്പണികൾപോലും നടത്തിയിട്ടില്ല.

പ്രളയത്തിനുശേഷം പാമ്പള നിവാസികൾ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതമാണ്. കഴിഞ്ഞവർഷത്തെ വെള്ളപ്പൊക്കത്തിൽ തകർന്ന താളൂർ-വടുവൻചാൽ റോഡ് ഇപ്പോഴും യാത്രായോഗ്യമായിട്ടില്ല. മൂന്നരക്കിലോമീറ്റർ ദൂരത്തിൽ വണ്ടിയോടിക്കാൻ കഴിയില്ല. കുറേക്കാലംമുൻപ് സോളിങ് ചെയ്ത റോഡിൽ പലഭാഗത്തും ചെളിക്കുളമാണ്. ഈവർഷം ചെറിയൊരു മഴ പെയ്തപ്പോൾത്തന്നെ പാമ്പള പ്രദേശം ഒറ്റപ്പെട്ടു. മഴപെയ്താൽ കരടിപ്പാറയ്ക്ക് തിരിയുന്ന കവലയിൽ നിന്നുള്ള ഇറക്കത്തിൽ ബൈക്കൊഴികെയുള്ള വാഹനങ്ങൾ പോകില്ല. അത്യാവശ്യത്തിനുപോലും വാഹനം വരാത്തതിനാൽ വലിയദുരിതമാണ് ഇവർക്ക്. കഴിഞ്ഞദിവസം രാത്രിയിൽ രോഗംമൂർച്ഛിച്ച കുട്ടിയെ കസേരയിലിരുത്തി ഒരുകിലോമീറ്ററോളം നടന്നാണ് വാഹനമെത്തുന്ന റോഡിലെത്തിയത്. സ്കൂൾ കുട്ടികളെ കയറ്റാൻ വണ്ടികൾ വരുന്നില്ല. വണ്ടിയെത്തുന്ന സ്ഥലത്തേക്ക് കുട്ടികളെ എത്തിച്ചിട്ടുവേണം മാതാപിതാക്കൾക്ക് ജോലിക്ക്‌ പോകാൻ. കൃഷിയിറക്കിയ വാഴക്കുല മൂത്തപ്പോൾ വിപണിയിലെത്തിക്കാൻ പറ്റാത്ത വിഷമമാണ് കർഷകർക്ക്. ഒരുകിലോമീറ്ററോളം തലച്ചുമടായി കൊണ്ടുപോവുകയാണ് ഇപ്പോൾ.

തകർന്നുകിടന്ന താത്കാലിക പാലം ആരും തിരിഞ്ഞുനോക്കാതായതോടെ കഴിഞ്ഞദിവസം നാട്ടുകാർ മരപ്പാലം നിർമിച്ചു. കൈരളി സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തിൽ മുപ്പതോളംപേർ ചേർന്നാണ് സ്വന്തം ചെലവിൽ പാലം നിർമിച്ചത്. യാത്ര പൂർണമായി മുടങ്ങുമെന്ന ഘട്ടം വന്നപ്പോഴാണ് നാട്ടുകാർ ഒരുമിച്ചത്. പാലം നിർമിച്ചെങ്കിലും ബൈക്ക് ഒഴികെയുള്ള വാഹനങ്ങളൊന്നും ഇതിന് മുകളിലൂടെ പോകില്ല. പാലത്തിന്റ വശങ്ങളിൽ ഇപ്പോഴും മണ്ണിടിയുന്നുണ്ട്. മറ്റ് മാർഗങ്ങളില്ലാത്തതിനാൽ പാമ്പള നിവാസികൾ ഈ പാലത്തിലൂടെയാണ് യാത്രചെയ്യുന്നത്.

കടുത്ത അവഗണന

നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളുടെ അതിർത്തിയായതിനാൽ തങ്ങളെ അധികൃതർ അവഗണിക്കുകയാണ്. രാഷ്ട്രീയ വടംവലിക്ക് ഇരയാകുന്നത് സാധാരണക്കാരായ ജനങ്ങളാണ്. പ്രളയം കഴിഞ്ഞ് ഒരുവർഷമായിട്ടും യാത്രാപ്രശ്നത്തിന് ചെറുവിരലനക്കാൻ ജനപ്രതിനിധികൾ തയ്യാറായിട്ടില്ല.

എം.വി. തോമസ്, പ്രദേശവാസി

ഹെലികോപ്ടർ വേണ്ടിവരും

മക്കൾക്കൊരു രോഗംവന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല. താളൂരിലേക്കോ, വടുവൻചാലിലേക്കോ വണ്ടികിട്ടുന്നില്ല. കുഞ്ഞുമക്കളെ സ്കൂളിൽ വിടാനും തിരികെ കൊണ്ടുവരാനുമാണ് ഏറ്റവും പാട്. മഴക്കാലത്ത് വല്ല അത്യാഹിതവുമുണ്ടായാൽ രക്ഷപ്പെടണമെങ്കിൽ ഹെലികോപ്ടർ വേണ്ടിവരും.

ഫാത്തിമ വട്ടോളി, പാമ്പളയിലെ വീട്ടമ്മ

content highlights: Life after flood in Pambala