കല്പറ്റ: മരിച്ചുകിടന്നപ്പോഴും ജലീൽ കിടന്നത് വിരൽചൂണ്ടി. വാട്ടർ ഫൗണ്ടന് സമീപം കമിഴ്ന്നുവീണ നിലയിൽ കിടന്നിരുന്ന ജലീലിന്റെ വലതുകൈയുടെ വിരലാണ് ചൂണ്ടിയ നിലയിലുള്ളത്. മൃതദേഹം തിരിച്ചിട്ടപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് മാവോവാദി നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നെങ്കിലും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സംശയങ്ങൾ ബാക്കിയുണ്ട്.
പൊതുവേ പച്ചനിറത്തിലുള്ള യൂണിഫോം ധരിക്കാതെ മാവോവാദികൾ ജനമധ്യത്തിലിറങ്ങാറില്ല. എന്നാൽ കൊല്ലപ്പെട്ട ജലീൽ നീലയും കറുപ്പും നിറത്തിലുള്ള ചെക്ക് ഷർട്ടാണ് ധരിച്ചിരുന്നത്. തലയിൽ തൊപ്പിധരിച്ച്, തോളിൽ ചെറിയൊരു ബാഗുമായി ഒരു ടൂറിസ്റ്റിനെപോലെ വളരെ ‘കൂളാ’യാണ് ജലീലും സഹപ്രവർത്തകനും റിസോർട്ടിലേക്ക് കടന്നുവന്നത്. കൂടെയുണ്ടായിരുന്നയാൾ മങ്കി ക്യാപ്പ് ധരിച്ചതിനാൽ മുഖം വ്യക്തമായിട്ടില്ല. റിസോർട്ടിലെ ജീവനക്കാരോടും ചിരപരിചിതരെപ്പോലെയാണ് മാവോവാദികൾ പെരുമാറുന്നത്.
ജലീലും കൂടെയുണ്ടായിരുന്നയാളും റിസോർട്ടിനുള്ളിലെത്തി പണംവാങ്ങുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പരസ്യപ്പെടുത്തിയെങ്കിലും അതിനുശേഷം എന്തുസംഭവിച്ചെന്നുള്ള ദൃശ്യങ്ങൾ പുറത്തുവിടണമെന്നും ഇവർ ആവശ്യപ്പെടുന്നു. റിസോർട്ടിലേക്ക് കടന്നുവന്ന ജലീലിന്റെ പക്കൽ ആയുധങ്ങളൊന്നും പ്രത്യക്ഷത്തിൽ കാണാനില്ല. എന്നാൽ ഒരു തിരമാത്രം നിറയ്ക്കാൻ സാധിക്കുന്ന ചെറിയ നാടൻ കൈത്തോക്കാണ് ജലീലിന്റെ മൃതശരീരത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്. പോലീസുമായി മണിക്കൂറുകളോളം മാവോവാദികൾ ഏറ്റുമുട്ടിയെന്നാണ് പോലീസിന്റെ വിശദീകരണം. ഈ തോക്കുപയോഗിച്ച് പോലീസുമായി അധികനേരം ഏറ്റുമുട്ടാനാവില്ലെന്നും ഇവർ പറയുന്നു.
വെടിവെപ്പ് നടന്ന സമയത്ത് റിസോർട്ടിന് തൊട്ടടുത്തുനിന്ന് ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടതായും അതിനുശേഷം അവിടെനിന്ന് ഒരുവാഹനം സ്റ്റാർട്ട് ചെയ്ത് പോയതായും സമീപവാസികൾ പറയുന്നു.
content highlights: lakkidi maoist encounter