ലക്കിടി: ഉപവൻ റിസോർട്ടിന്റെ സമീപത്തും വനത്തിലേക്കുള്ള വഴികളിലും രക്തം തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു. റിസോർട്ടിലെ വാട്ടർഫൗണ്ടന്റെ സമീപത്തായിരുന്നു രക്തത്തിൽ കുളിച്ച് ജലീലിന്റെ മൃതദേഹം കിടന്നിരുന്നത്. കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഒരു നാടൻതോക്കും സമീപത്ത് ഉണ്ടായിരുന്നു. നീലക്കള്ളികളുള്ള ഷർട്ടും പാൻറ്‌സുമാണ് ജലീൽ ധരിച്ചിരുന്നത്. തലയ്ക്കും കൈക്കും നിരവധിതവണ വെടിയേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി റിസോർട്ടിലെത്തിയ രണ്ടുമാവോവാദികളിൽ ഒരാളാണ് കൊല്ലപ്പെട്ട ജലീൽ. ഒമ്പതുമണിയോടെ റിസോർട്ടിൽ മാവോവാദികൾ എത്തിയതറിഞ്ഞ് പോലീസ് എത്തിയതോടെ വെടിവെപ്പായി. നിമിഷനേരംകൊണ്ട് ദേശീയപാത യുദ്ധഭൂമിയായി മാറി. തുടർന്നതോടെ ഗതാഗതം തടസ്സപ്പെട്ടു. കൂടുതൽ പോലീസുകാർ സ്ഥലത്തെത്തിയതോടെ ലക്കിടി മുഴുവനായും പോലീസ് നിയന്ത്രണത്തിലായി. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കൂടുതൽ പോലീസും തണ്ടർബോൾട്ടുമെല്ലാം മാവോവാദികൾക്കായി രാത്രിതന്നെ തിരച്ചിൽ തുടങ്ങി.
കനത്ത ഇരുട്ടിൽ എന്താണ് നടക്കുന്നതെന്നറിയാതെ പ്രദേശവാസികളും റിസോർട്ടിലുള്ളവരും ഭീതിയിലായി. റിസോർട്ടിന് സമീപത്തുനിന്ന് വനത്തിൽ വെടിയൊച്ചകൾ മാത്രമാണ് പിന്നെ കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവം അറിഞ്ഞ് റിസോർട്ടിന് സമീപത്തേക്ക് എത്തിയവരെ പോലീസ് തിരിച്ചയച്ചു. റിസോർട്ടിലെ ജീവനക്കാരോടും അതിഥികളോടും പ്രദേശവാസികളോടും പുറത്തിറങ്ങരുതെന്ന് പോലീസ് നിർദേശിച്ചു. രാത്രി വൈകിയും പ്രവർത്തിച്ചിരുന്ന കടകളും പോലീസ് അടപ്പിച്ചു. പുലർച്ചെ മൂന്നരവരെ വെടിവെപ്പും മാവോവാദികൾക്കായുള്ള തിരച്ചിലും തുടർന്നു.
ഭീതിയുടെ ഒരുരാത്രി
ഭീതിയുടെയും ആശങ്കയുടെയും രാത്രി തള്ളിനീക്കി ലക്കിടിയിലെ ജനങ്ങൾ വ്യാഴാഴ്ച രാവിലെ ഓടിയെത്തിയത് ഉപവൻ റിസോർട്ടിനരികിലേക്കാണ്. കഴിഞ്ഞ രാത്രി എന്താണ് സംഭവിച്ചതെന്നറിയാനുള്ള ആകാംക്ഷയായിരുന്നു എല്ലാവർക്കും. എന്നാൽ റിസോർട്ടിന് സമീപത്തേക്ക് ആരെയും പോകാൻ അനുവദിച്ചില്ല. ഏഴുമണിയോടെ കൂടുതൽ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. എട്ടുമണിയായപ്പോഴേക്കും ദേശീയപാതയുടെ ഒരുവശത്ത് ജനങ്ങൾ തിങ്ങിനിറഞ്ഞിരുന്നു. രാവിലെ ഒമ്പതുമണിയോടെയാണ് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയത്.
10-ന് കണ്ണൂർ റെയ്ഞ്ച് ഐ.ജി. ബൽറാം ഉപാധ്യായ, കളക്ടർ എ.ആർ. അജകുമാർ, സബ് കളക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവരും റിസോർട്ടിലെത്തി. കല്പറ്റയിൽ ഉന്നതപോലീസ് ഉദ്യോഗസ്ഥരുമായി ഇൻക്വസ്റ്റ് നടപടികളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും ചർച്ച ചെയ്തശേഷമാണ് ഐ.ജി. റിസോർട്ടിൽ എത്തിയത്.
മണംപിടിച്ച് പോലീസ് നായ വനത്തിലേക്കുള്ള വഴിയിലൂടെ പോയി. നായ പോയ വഴിയിലൊക്കെ രക്തമുണ്ടായിരുന്നു. ഇത് പരിക്കേറ്റ രണ്ടാമത്തെ ആളുടെ രക്തമാണെന്നാണ് പോലീസ് പറയുന്നത്. വെടിവെപ്പിനിടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. മുഖംമൂടി ധരിച്ചിരുന്നതിനാൽ ഇയാൾ ആരാണെന്ന് തിരിച്ചറിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. മുറിവേൽക്കുകയും പോയവഴിയെ രക്തം വീഴുകയും ചെയ്തതിനാൽ ഇയാൾക്ക് അധികംദൂരം പോകാൻ കഴിയില്ലെന്നാണ് പോലീസിന്റെ നിഗമനം.
29 മുറികളാണ് റിസോർട്ടിലുള്ളത്. ഇതിൽ 10 മുറികളിൽ അതിഥികളുണ്ടായിരുന്നു. പതിനഞ്ചോളം ജീവനക്കാരും ഇവിടെയുണ്ടായിരുന്നു. 11 മണിയോടെ റിസോർട്ടിലുണ്ടായിരുന്ന താമസക്കാരെ പോലീസ് കാറിൽ പുറത്തെത്തിച്ചു. ബുധനാഴ്ച രാത്രി റിസോർട്ടിലുണ്ടായിരുന്ന ജീവനക്കാരെ പോലീസ് പുറത്തേക്ക് വിട്ടില്ല. പുറത്തുള്ള ജീവനക്കാരെ റിസോർട്ടിലേക്ക് പ്രവേശിപ്പിച്ചതുമില്ല. റിസോർട്ടിലേക്ക് ഭക്ഷണവും പണവും ആവശ്യപ്പെട്ട് എത്തുന്ന മാവോവാദികളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുകയും റിസോർട്ടിലെ ജീവനക്കാരോട് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
മൃതദേഹം തിരിച്ചറിയാൻ ജ്യേഷ്ഠനെത്തി
സി.പി. ജലീലിന്റെ മൃതദേഹം തിരിച്ചറിയാൻ ജ്യേഷ്ഠൻ സി.പി. റഷീദ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ റിസോർട്ടിലെത്തി. മനുഷ്യാവകാശ പ്രവർത്തകൻ ഡോ. പി.ജി. ഹരിയോടൊപ്പമാണ് റഷീദ് എത്തിയത്. റിസോർട്ടിന് മുന്നിൽ എത്തിയപ്പോൾ ഡോ. പി.ജി. ഹരിക്ക് അപസ്മാരം ഉണ്ടാവുകയും തളർന്ന് വീഴുകയും ചെയ്തു. ഹരി ഗേറ്റിന് പുറത്ത് വിശ്രമിക്കുകയും റഷീദ് റിസോർട്ടിനുള്ളിൽ കയറി ജലീന്റെ മൃതദേഹം തിരിച്ചറിയുകയും ചെയ്തു.
മൃതദേഹം കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ
രാവിലെ തുടങ്ങിയ ഇൻക്വസ്റ്റ് വൈകുന്നേരം മൂന്നുമണിക്കാണ് പൂർത്തിയായത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആംബുലൻസ് എത്തി. മൂന്നുമണിക്കാണ് ആംബുലൻസ് അതീവ പോലീസ് സുരക്ഷയിൽ മൃതദേഹവുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയത്. വ്യാഴാഴ്ചയും റിസോർട്ടും പരിസര പ്രദേശങ്ങളും കനത്ത പോലീസ് കാവലിലാണ്.
എന്താണ് നടന്നത്, അമ്പരപ്പ് മാറാതെ നാട്
ബുധനാഴ്ച രാത്രി ഒമ്പതരയോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടായപ്പോഴാണ് കാര്യമെന്താണെന്ന് അന്വേഷിച്ചതെന്ന് പ്രദേശവാസിയായ കച്ചവടക്കാരൻ പറഞ്ഞു. കട അടച്ചിരുന്നില്ല. പെട്ടെന്നുള്ള ഗതാഗതക്കുരുക്ക് കണ്ടാണ് റിസോർട്ടിന് സമീപത്തേക്ക് പോയത്. അപ്പോഴാണ് വെടിയൊച്ച കേട്ടത്. മാവോവാദി സാന്നിധ്യം നിരവധി തവണ പ്രദേശത്ത് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു അനുഭവം ആദ്യമായാണെന്ന് ലക്കിടിയിലെ താജ് റെസ്റ്റോറന്റ് ഉടമ ടിനു തങ്കച്ചൻ പറഞ്ഞു. അടുത്തുള്ളവരൊഴികെ കൂടുതൽ പേരും മാവോവാദികൾ എത്തിയത് അറിഞ്ഞിരുന്നില്ല. നിരവധിതവണ വെടിവെപ്പുണ്ടായ ശേഷമാണ് കൂടുതൽപേരും സംഭവം അറിയുന്നത്.
content highlights: Lakkidi maoist encounter,cp jaleel