കുറുമണി: മഴപെയ്ത് വെള്ളംകയറിയതുമുതൽ കുറുമണിക്കാർ ഒറ്റയ്ക്കാണ്. ചുറ്റിലും വെള്ളം, ഒരു ദ്വീപ് പോലെയാണ് കുറുമണിയിപ്പോൾ. ആർക്കും എങ്ങോട്ടും പോകാൻ കഴിയില്ല. വെളിച്ചംപോലും ഇല്ല. ഏക്കറുകണക്കിന് നെൽപ്പാടങ്ങളും റോഡും എല്ലാം വെള്ളത്തിനടിയിലാണ്. ഇതിനിടയിൽ ഒരു പുഴയുമുണ്ട്. എല്ലാം കടന്നുവേണം കുറുമണിയിലെത്താൻ. ഇതിന് ഒരു കടത്തുതോണി മാത്രമാണ് ഇവിടെയുള്ളവരുടെ ആശ്രയം. ഭക്ഷണം കഴിക്കണമെങ്കിലും, ആശുപത്രിയിൽ പോകണമെങ്കിലുമെല്ലാം ആ തോണി വരണം. കുറുമ്പാലക്കോട്ടയിൽനിന്നും മൂന്ന് കിലോമീറ്ററിലധികം തോണി തുഴയണം കുറുമണിയിലെത്താൻ. ചുറ്റിലും എട്ടാൾപ്പൊക്കത്തിൽ വെള്ളമുണ്ടെന്ന് കടത്തുകാരൻ ബാബു മേപ്പാടം പറഞ്ഞു.
ഞായറാഴ്ച രാവിലെ തോണി കുറുമണിയിലെത്തിയപ്പോൾ ഒരുപാടുപേർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആശുപത്രിയിൽ പോകേണ്ടവരും സാധനങ്ങൾ വാങ്ങാൻ കടയിൽപോകേണ്ടവരുമെല്ലാം ആ കൂട്ടത്തിലുണ്ട്. അവരെയെല്ലാം കയറ്റി തോണി വീണ്ടും കുറുമ്പാലക്കോട്ടയിലേക്ക് തിരിച്ചു. വെള്ളം കയറി ഒറ്റപ്പെട്ടതുമുതൽ ആ തോണി രാപകൽ വ്യത്യാസമില്ലാതെ കുറുമണിക്കാരുടെ ആവശ്യങ്ങൾക്കായി അങ്ങോട്ടും ഇങ്ങോട്ടും പോയ്ക്കൊണ്ടിരിക്കുകയാണ്. പെരുമഴ പെയ്ത ദിവസങ്ങളിൽ കുറുമണി അങ്ങാടിയിലെ ചെറിയ പീടികകളിലേക്കും വീടുകളിലേക്കും അരിയുൾപ്പെടെയുള്ള സാധനങ്ങൾ തോണിയിലാണ് എത്തിച്ചത്. പ്രദേശവാസിയായ ഗർഭിണിയായ യുവതിയേയും കടത്തുകാരിൽ ഒരാളായ കിഴക്കരക്കാട്ടിൽ സജിയുടെ അമ്മ അന്നമ്മയേയുമെല്ലാം കഴിഞ്ഞദിവസം ആശുപത്രിയിലെത്തിച്ചത് തോണിയിലായിരുന്നു.
പത്തുകുന്നുകളിലായി 1500-ഒാളം പേരാണ് കുറുമണിയിൽ ഒറ്റപ്പെട്ടു കഴിയുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട ഗ്രാമമാണ് കുറുമണി. എല്ലാവർഷവും പ്രദേശത്ത് വെള്ളം കയറുമെങ്കിലും ജീവിതം ഇത്രയും ബുദ്ധിമുട്ടിലായത് ഈവർഷവും കഴിഞ്ഞ വർഷവുമാണെന്ന് കുറുമണിയിലെ പ്രായം ചെന്നവരിൽ ഒരാളായ എം. കുഞ്ഞിരാമൻനമ്പ്യാർ പറഞ്ഞു.
റോഡ് രണ്ടായിപ്പിളർന്നു
ശക്തമായ മഴയിൽ കുറുമണി-കുപ്പാടിത്തറ റോഡ് രണ്ടായിപ്പിളർന്നു. ശനിയാഴ്ച വൈകുന്നേരം റോഡിലെ വെള്ളം അല്പം ഇറങ്ങിയപ്പോഴാണ് റോഡ് രണ്ടായി മുറിഞ്ഞ് കാണുന്നതെന്ന് പ്രദേശവാസിയായ തോമസ് തൊട്ടിയിൽ പറഞ്ഞു. വെള്ളം ഇറങ്ങിയാലും ഇനി കുപ്പാടിത്തറയിലേക്ക് വാഹനം ഓടില്ല. നാട്ടുകാരും വില്ലേജ് അധികൃതരും ചേർന്ന് താത്കാലികമായി കവുങ്ങിന്റെ പാലം ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് അധികൃതരുമായി ചേർന്ന് റോഡ് മുറിഞ്ഞഭാഗത്ത് തെങ്ങിൻ തടികൊണ്ട് ഇരുചക്രവാഹനങ്ങൾക്ക് കടന്നു പോകാവുന്ന തരത്തിലുള്ള പാലം ഒരുക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. പ്രദേശത്തെത്തന്നെ കുപ്പാടിത്തറ-കക്കണ കുന്ന് പള്ളിറോഡും ഭാഗികമായി തകർന്നിട്ടുണ്ട്.
വേണം കൂടുതൽ തോണികൾ
പതിവായി വെള്ളം കയറുന്നതിനാൽ കുറുമണി നിവാസികൾക്കായി കൂടുതൽ തോണികൾ അനുവദിക്കുന്നതിന് നടപടിവേണമെന്ന് സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ പറഞ്ഞു. കുറുമ്പാലക്കോട്ടയിൽനിന്ന് കുറുമണിയിലേക്ക് എത്താനുള്ള ഏക ആശ്രയമായ മരപ്പാലവും കഴിഞ്ഞ ദിവസത്തെ മഴയിൽ തകർന്നു. കെ.എം.സി.സി. നൽകിയ തോണിയിലാണ് ഇപ്പോൾ പ്രദേശവാസികൾ സഞ്ചരിക്കുന്നത്. മഴകുറഞ്ഞാലും വെള്ളമിറങ്ങാൻ കുറഞ്ഞത് അഞ്ചുദിവസമെങ്കിലും കഴിയും അതുവരെയും തോണിയാണ് ആശ്രയം.
ഇവർ നാടിന്റെ കടത്തുകാർ
കുറുമണി നിവാസികളായ ബാബു മേപ്പാടം, പി.കെ. ബെന്നി, ബൈജു ആറ്റുമാലിൽ, സജി കിഴക്കേക്കരകാട്ടിൽ എന്നിവരാണ് നാടിന്റെ കടത്തുകാർ. വെള്ളംകയറി പ്രദേശം ഒറ്റപ്പെട്ടാൽ തോണി തുഴയാൻ നാലുപേരും എപ്പോഴുമുണ്ടാവും. എപ്പോൾ വിളിച്ചാലും ഒരുരൂപപോലും പ്രതിഫലം വാങ്ങാതെ തോണിയുമായി ഇവരെത്തും. കുറുമണി സെയ്ൻറ്് സെബാസ്റ്റ്യൻസ് പള്ളിയിലെ അമ്പതോളം കുടുംബങ്ങൾ കുറുമ്പാലക്കോട്ടയിലാണ് താമസിക്കുന്നത്. പണ്ടുമുതൽ ഇവരെ പള്ളിയിൽ എത്തിച്ചിരുന്നത് തോണിയിലായിരുന്നു. ബെന്നിയുടെ പിതാവ് അപ്പിച്ചേട്ടനായിരുന്നു തോണി നോക്കി നടത്തിയത്. പിതാവിനൊപ്പംകൂടി ബെന്നിയും ചെറുപ്പത്തിൽത്തന്നെ തോണിതുഴയാൻ പഠിച്ചു. പള്ളിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു തോണി. പള്ളിത്തോണി എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞവർഷമാണ് തോണി ഉപയോഗിക്കാൻ കഴിയാതെ നശിച്ചുപോയത്. കെ.എം.സി.സി. നൽകിയ തോണി നോക്കി നടത്തുന്നത് ഇപ്പോൾ ബാബുവാണ്. ബാബുവിന്റെ മകൻ ജസ്റ്റിനും തോണിതുഴയാൻ ഒപ്പമുണ്ട്.