മാനന്തവാടി : ഒരാഴ്ച പിന്നിട്ടിട്ടും വനംവകുപ്പ് പട്രോളിങ് കർശനമാക്കിയിട്ടും കുറുക്കൻമൂലയിലെ കടുവാ ഭീതിക്ക് അറുതിയില്ല. ഞായറാഴ്ച രാത്രിയും ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ ആടിനെ പിടിച്ചുകൊണ്ടുപോയി. തെനംകുഴിയിൽ ജിൽസിന്റെ തൊഴുത്തിൽ കെട്ടിയിട്ട ആടിനെയാണ് കൊണ്ടുപോയത്. ഒരാഴ്ചയ്ക്കിടെ ജിൽസിന്റെ മൂന്നാമത്തെ ആടിനെയാണ് കടുവ പിടിക്കുന്നത്.

ജിൽസിന്റെ വീടിന് സമീപത്ത് തന്നെയാണ് തൊഴുത്തും. തൊഴുത്തിന് സമീപം കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി. കടുവാസാന്നിധ്യം സ്ഥിരീകരിച്ചതോടെ നേരത്തേ രണ്ടു ക്യാമറകൾ വനംവകുപ്പ് സ്ഥാപിച്ചിരുന്നു. എന്നാൽ ഇവയിലൊന്നും കടുവയുടെ ചിത്രം പതിഞ്ഞില്ല. ഞായറാഴ്ച രാത്രി കടുവയിറങ്ങിയ പ്രദേശത്തും ജിൽസിന്റെ വീടിനോടുചേർന്നുള്ള തൊഴുത്തിലുമായി തിങ്കളാഴ്ച വനംവകുപ്പ് രണ്ടു ക്യാമറകൾകൂടി സ്ഥാപിച്ചിട്ടുണ്ട്. ബേഗൂർ റെയ്ഞ്ചിന്റെ കീഴിൽ ജീവനക്കാർ രാത്രിയും പകലും പട്രോളിങ് നടത്തുന്നുണ്ട്. നവംബർ 28 മുതലാണ് കുറുക്കൻമൂലയിലും പരിസരപ്രദേശങ്ങളിലും കടുവാഭീതി തുടങ്ങിയത്. രാത്രി പ്രദേശവാസിയായ കാവേരിപ്പൊയിൽ ബാബുവിന്റെ പോത്തിനെയും മൂരിക്കുട്ടനെയും കൊന്നു. തുടർന്നുള്ള ദിവസങ്ങളിൽ വളർത്തുമൃഗങ്ങളെ കൊല്ലുന്നത് പതിവായി. തിങ്കളാഴ്ച തെനംകുഴിയിൽ ജെയിംസിന്റെ ആടിനെ കൊന്നു. ചൊവ്വാഴ്ച രാത്രി തെനംകുഴിയിൽ ജിൽസിന്റെ ഒരു ആടിനെ കൊല്ലുകയും മറ്റൊന്നിനെ കാണാതാവുകയും ചെയ്തു. വ്യാഴാഴ്ച കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി.

കടുവയൊഴിയാതെ കുറുക്കൻമൂല
വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളിലൊന്ന്

എങ്ങനെ ധൈര്യത്തിൽ പുറത്തിറങ്ങും

ദിവസങ്ങളായി തുടരുന്ന കടുവാപ്പേടി കാരണം പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. രാവിലെ പാലുമായി സൊസൈറ്റിലേക്ക് പോകാനും കൃഷിയിടത്തിൽ പണിയെടുക്കാനും ഭയമാണെന്നും പ്രദേശവാസികൾ പറയുന്നു. വിദ്യാർഥികളെ സ്കൂളിൽ വിടാനും രക്ഷിതാക്കൾ പ്രയാസപ്പെടുകയാണ്. കന്നുകാലികളെ വളർത്തിയും കൃഷിപ്പണിയിലൂടെയും ഉപജീവനമാർഗം കണ്ടെത്തുന്നവരാണ് പ്രദേശവാസികളിൽ കൂടുതലും. കടുവയിറങ്ങിയതോടെ എല്ലാവരും പ്രയാസത്തിലായി.

എങ്ങനെയാണ് ധൈര്യത്തിൽ പുറത്തിറങ്ങി നടക്കുകയെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. വളർത്തുമൃഗങ്ങളെ പിടികൂടുന്നത് പതിവാകുകയും കാൽപ്പാടുകൾ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ കടുവയെ കൂടുവെച്ച് പിടികൂടാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കൗൺസിലർ ആലീസ് സിസിൽ പറഞ്ഞു. വളർത്തുമൃഗങ്ങളെ കൊല്ലുന്നത് പതിവായതോടെ ഇരതേടാൻ പറ്റാത്ത തരത്തിൽ അവശത അനുഭവിക്കുന്ന കടുവയാകാം ഇറങ്ങുന്നതെന്നാണ് പ്രദേശവാസികളുടെ സംശയം. പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയതായും രാത്രി വീടുകളിലും തൊഴുത്തിലും ലൈറ്റിടാനും കടുവാ സാന്നിധ്യം അറിഞ്ഞാൽ വിവരമറിയിക്കാനുമാണ് അധികൃതരുടെ നിർദേശം.