സുൽത്താൻബത്തേരി : ആനവണ്ടിപ്രേമികളുടെ ആഘോഷം അതിരുവിട്ടതായി പരാതി. കെ.എസ്.ആർ.ടി.സി. ബസിന് മുകളിൽ കയറിയും പെട്രോൾ പമ്പ് സ്ഥിതി ചെയ്യുന്ന ഡിപ്പോയിൽ പടക്കംപൊട്ടിച്ചും വിനോദസഞ്ചാരികൾ അപകടം വിളിച്ചുവരുത്തിയെന്നാണ് പരാതി. കെ.എസ്.ആർ.ടി.സി. ബത്തേരി ഡിപ്പോയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ടീം ആനബസ് എന്ന സാമൂഹികമാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച ടീം ആനബസ് മീറ്റാണ് വിവാദമായിരിക്കുന്നത്.

ടീം ആനബസ് മീറ്റിന്റെ ഭാഗമായി, ബത്തേരി ഡിപ്പോയിലെ രണ്ട് ബസുകൾ വാടകയ്ക്ക് എടുത്ത് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുപേരാണ് എത്തിയത്. ബത്തേരി ഡിപ്പോയിൽ യാത്രയുടെ ഉദ്ഘാടനസമയത്തും ചിലർ ബസിന് മുകളിൽ കയറിയിരുന്നു. ബത്തേരി ഡിപ്പോയിൽനിന്ന് മാസങ്ങൾക്കുമുമ്പ് സസ്‌പെൻഡ് ചെയ്യപ്പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥനാണ് മീറ്റ് ഫ്ലാഗ് ഓഫ് ചെയ്തത്. ബസ് യാത്രപുറപ്പെടുന്നതിനുമുമ്പ് ഡിപ്പോയിൽ പടക്കംപൊട്ടിച്ചെന്നാണ് ഒരുവിഭാഗം ജീവനക്കാരുടെ പരാതി.

കാരാപ്പുഴയ്ക്ക് സമീപത്തുവെച്ച് യാത്രക്കാരെ ബസിന് മുകളിൽക്കയറ്റി അപകടകരമായ രീതിയിൽ വാഹനം പുറകോട്ടെടുക്കുന്നതിന്റെയും ആളുകൾ ബസിന് മുകളിൽ വൈദ്യുതലൈനിന് തൊട്ടുതാഴെയായി നിൽക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബസിന് മുകളിൽ കയറിയിരിക്കുന്നതിന്റെ ചിത്രങ്ങൾ ഗ്രൂപ്പ് അംഗങ്ങൾതന്നെ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പെട്രോൾ പമ്പ് സ്ഥിതിചെയ്യുന്ന ഡിപ്പോയിൽ കരിമരുന്നു പ്രയോഗം നടത്തിയതും വാടകയ്ക്ക് നൽകിയ ബസ് ദുരുപയോഗം ചെയ്തതടക്കമുള്ള നിയമ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി. വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി.) കെ.എസ്.ആർ.ടി.സി. എം.ഡി.ക്കും നോർത്ത് സോൺ എക്സിക്യുട്ടീവ് ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്. സ്വകാര്യ ടൂറിസ്റ്റ് ബസ് ജീവനക്കാർക്കുനേരെ കർശന നടപടി സ്വീകരിക്കുന്ന അധികൃതർ കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കുനേരെയും നിയമനടപടി സ്വീകരിക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയരുന്നുണ്ട്. സംഭവത്തിൽ കെ.എസ്.ആർ.ടി.സി.യും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ആരോപണങ്ങൾ അടിസ്ഥാനരഹിതം

വയനാട്ടിൽ സംഘടിപ്പിച്ച ടീം ആനബസ് മീറ്റുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് ടീം ആന ബസ് ഗ്രൂപ്പ് അഡ്മിൻമാർ പറഞ്ഞു. ഡിപ്പോയിൽ പടക്കം പൊട്ടിച്ചിട്ടില്ല. കല്യാണ ആഘോഷങ്ങളിലും മറ്റും ഉപയോഗിക്കുന്ന വിവിധ നിറത്തിലുള്ള പുക ഉയർന്നുവരുന്ന ഫയർ സ്റ്റിക്കും വർണക്കടലാസുകൾ ചിതറുന്ന കളർ ബോംബുമാണ് ഉപയോഗിച്ചത്. ഇതു പൊട്ടിക്കുമ്പോഴുള്ള ശബ്ദം കേട്ട് തെറ്റിദ്ധരിച്ചതാവാനാണ് സാധ്യത. ആളുകളെ ബസിന് മുകളിൽ കയറ്റി യാത്രചെയ്തിട്ടില്ല.

വയനാട്ടിലെ വിനോദസഞ്ചാര സ്ഥലങ്ങളെ കോർത്തിണക്കി സർവീസ് ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള ഒരു മാർഗരേഖ തയ്യാറാക്കുകയായിരുന്നു തങ്ങളുടെ ഉദ്ദേശ്യം. വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ സ്ഥലങ്ങൾ ആസ്വദിക്കാനും അതുവഴി കെ.എസ്.ആർ.ടി.സി.ക്ക് വരുമാനമുണ്ടാക്കാനും കഴിയുമെന്നും ഇവർ പറഞ്ഞു. സംഭവത്തിൽ കെ.എസ്.ആർ.ടി.സി.യുടെ പ്രതികരണം ലഭ്യമായിട്ടില്ല.

Content Highlight: KSRTC bus lovers celebration