കോട്ടത്തറ: കാലവർഷത്തിൽ വാളൽ-കൂഴിവയൽ റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായതോടെ പ്രദേശത്തെ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായി. അപകട സാധ്യതയുള്ളതിനാൽ നാട്ടുകാരുടെ നിർദേശത്തെത്തുടർന്ന് വാളൽ ഗവ. യു.പി. സ്കൂൾ ബസ് ഇതുവഴിയുള്ള സർവീസ് നിർത്തിവച്ചു. പാടിയോട്ടുകുന്ന്, കല്ലുമൊട്ടൻകുന്ന്, മെച്ചന രാജീവ് നഗർ, കല്ലുവയൽ, അരമ്പറ്റ, ചൂരൽമല തുടങ്ങിയ കോളനികളിലെ നൂറിലേറെ വിദ്യാർഥികളാണ് സ്കൂളിലേക്ക് എത്താൻ പ്രയാസമനുഭവിക്കുന്നത്. നിലവിൽ ഏറെദൂരം ചുറ്റിയാണ് സ്കൂൾ ബസ് സർവീസ് നടത്തുന്നത്. ഇതിനാൽ വിദ്യാർഥികൾക്ക് കൃത്യസമയത്ത് സ്കൂളിലെത്താനാകുന്നില്ല. ജില്ലാ ഭരണകൂടം ഇടപെട്ട് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണമെന്ന് സ്കൂൾ പി.ടി.എ. ആവശ്യപ്പെട്ടു.